വയനാട് ഉരുള്‍പൊട്ടല്‍: എംപി ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വീതം; സ്‌പീക്കര്‍ക്ക് മുന്നില്‍ നിര്‍ദേശം വെച്ച് പ്രേമചന്ദ്രന്‍ എംപി

 

ന്യൂഡൽഹി : കേരളം നാളിതുവരെ കാണാത്തതരത്തിലുളള വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലിന്‍റെ ദുരന്തനിവാരണത്തിനായി രാജ്യത്തെ എല്ലാ എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ വീതം നല്‍കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തെ സംബന്ധിച്ച് ലോകസഭയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രേമചന്ദ്രൻ ഇക്കാര്യം ഉന്നയിച്ചത്.

എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ വീതം നല്‍കുന്നതുവഴി  എട്ട് കോടി രൂപ വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സുനാമി ഉണ്ടായപ്പോള്‍ ഇത്തരത്തിലുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്‌പീക്കറെ ഓര്‍മിപ്പിച്ചു.

പാരിസ്ഥിതികമായി അതീവ ദുര്‍ബലമായ പശ്ചിമഘട്ടത്തില്‍ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ ഗൗരവമായി കാണണം. 2019ല്‍ മലപ്പുറത്തെ കവളപ്പാറ, വയനാട് പുതുമല, കോഴിക്കോട് വിളങ്ങാട് വില്ലേജുകളിലുണ്ടായ ഉരുള്‍പ്പൊട്ടലുകളെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തുവാനും അതിന്‍റെ അടിസ്ഥാനത്തില്‍ പ്രകൃതിദുരന്തത്തിന് സാധ്യതയുളള പ്രദേശത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ കേന്ദ്രം നടപടി എടുക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

Comments (0)
Add Comment