മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും

 

കൽപ്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെയും ചികിത്സയില്‍ കഴിയുന്നവരെയും ഇരുവരും സന്ദർശിക്കും. ഇന്ന് രാവിലെ 9.45 ന് പ്രത്യക വിമാനത്തിൽ കണ്ണൂരിലെത്തുന്ന രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കാർ മാർഗം വയനാട്ടിലേക്ക് പോകും. ഉച്ചയോടെ ഇരു നേതാക്കളും മേപ്പാടിയിൽ എത്തിച്ചേരും. തുടർന്ന് മേപ്പാടി ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെയും സെന്‍റ് ജോസഫ് യുപി സ്‌കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും ഇരുവരും സന്ദർശിക്കും.

വയനാട്ടിലേതു സമാനതകളില്ലാത്ത വലിയ ദുരന്തമാണെന്നു രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. സൈന്യം വലിയ ജോലിയാണ് അവിടെ ചെയ്യുന്നത്. സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യണം. വയനാട്ടില്‍ ഇത്തരം ദുരന്തങ്ങള്‍ ആവർത്തിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതി പ്രശ്നങ്ങൾ പഠിച്ചു സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും രാഹുൽ‌ ഗാന്ധി ആവശ്യപ്പെട്ടു.

Comments (0)
Add Comment