വയനാട് ഉരുള്‍പൊട്ടല്‍: അഞ്ചംഗ വിദഗ്ധ സംഘത്തിന്‍റെ പരിശോധന ഇന്ന്; ചാലിയാറില്‍ ഇന്ന് ജനകീയ തിരച്ചില്‍

 

കല്പ്പറ്റ: ഉരുള്‍ പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്നും ഇവര്‍ ശുപാര്‍ശ ചെയ്യും. ഇതനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനവും ആള്‍ത്താമസവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. സിഡബ്ല്യുആര്‍എം പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവത്സ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.

അതേസമയം കാണാതായവർക്കായി നിലമ്പൂർ ചാലിയാർ തീരത്ത് ഇന്ന് ജനകീയ തിരച്ചിൽ നടത്തും. അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിലാണ് ഇന്ന് നടത്തുക. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഒരു സംഘം തിരച്ചില്‍ നടത്തുക. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് ഇവിടെ തിരച്ചില്‍ നടത്തുക. വനമേഖലയായ പാണന്‍കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിൽ പങ്കെടുക്കും.

കഴിഞ്ഞ ദിവസം തിരച്ചില്‍ ഒരു മൃതദേഹവും രണ്ടു ശരീരഭാഗങ്ങളും കണ്ടെടുത്തു. ദുരന്തത്തില്‍ രേഖകള്‍ നഷ്ടമായവര്‍ക്കുള്ള വീണ്ടെടുക്കല്‍ ക്യാമ്പിനും തുടക്കമായി. ചൂരൽമലയിൽ നിന്ന് ഒരു മൃതദേഹഭാഗവും ചാലിയാർ തീരത്ത് ഒരു മൃതദേഹവും ഒരു മൃതദേഹഭാഗവുമാണ് കണ്ടെത്തിയത്. സംശയമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമായിരിക്കും ഇനിയുള്ള തിരച്ചില്‍. ദുരന്തം നടന്നിട്ട് 14 ദിവസം പിന്നിടുമ്പോൾ ഇനി 130 ലേറെ പേരെയാണ് കണ്ടെത്താനുള്ളത്. ക്യാമ്പില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകള്‍ കണ്ടെത്തിയുണ്ട്. നനൂറോളം കെട്ടിട ഉടമകള്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും താല്‍ക്കാലിക പുനരധിവാസം. ദുരന്തബാധിതരുടെ ഉരുളെടുത്ത രേഖകള്‍ വീണ്ടെടുക്കുന്നതിനായി പ്രത്യേക ക്യാമ്പുകള്‍ക്കും തുടക്കമായി. ദുരന്തത്തില്‍ മരിച്ചവരുടെയും ഈടുവെച്ച വസ്തുവകകള്‍ നഷ്ടമായവരുടെയും മുഴുവന്‍ വായ്പകളും കേരള ബാങ്ക് എഴുതിത്തള്ളും.

Comments (0)
Add Comment