വയനാട് ഉരുള്‍പൊട്ടല്‍: മരണസംഖ്യ ഉയരുന്നു, ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തു; സൈന്യം വയനാട്ടിലേക്ക്

 

കല്പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലുമുണ്ടായ  ഉരുള്‍പൊട്ടലില്‍ മരണം 36 ആയി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. നിരവധി പേർക്ക് പരുക്കേറ്റു. മേപ്പാടി ആശുപത്രിയിൽ 40ഓളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 2019-ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയ്‌ക്കു സമീപമാണ് ചൂരൽമലയും മുണ്ടക്കൈയും. കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആർമി ബെറ്റാലിയനും മെഡിക്കല്‍ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു.

നിലവിൽ അഗ്നിരക്ഷ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുൾപ്പെടുന്ന 250 അംഗ സംഘമാണ് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനുള്ളത്. എൻഡിആർഎഫിന്‍റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തെത്തിക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് രണ്ടു യൂണിറ്റ് സൈന്യമെത്തും. എയർ ലിഫ്റ്റ് സാധ്യത പരിശോധിക്കാൻ കുനൂരിൽനിന്ന് രണ്ടു ഹെലികോപ്റ്ററുകൾ ഉടൻ ദുരന്തസ്ഥലത്തെത്തും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തിവെച്ചു. മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഇവിടെ സൈന്യം താൽക്കാലിക പാലം നിർമ്മിക്കും. ഇവിടേക്കുള്ള പ്രധാന റോഡും ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ്കൂളിലും വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു.

വയനാടിന് പുറമെ കോഴിക്കോട് ജില്ലയിലും ഉരുൾപൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. മഞ്ഞച്ചീളിയിൽ ഒട്ടേറെ വീടുകളും കടകളും തകർന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. കണ്ണൂരിലും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കോളയാർ വനത്തില്‍ ഉരുള്‍പൊട്ടിയതായാണ് സംശയം. പുഴകളിലെ ജനനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Comments (0)
Add Comment