കണ്ണീരുണങ്ങാതെ വയനാട്, മരണം 385 ആയി; കാണാമറയത്ത് ഇനിയും നൂറുകണക്കിന് ആളുകള്‍, തിരച്ചില്‍ ഏഴാം നാള്‍

 

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 385 ആയി. ചാലിയാറില്‍ നിന്ന് ഇന്നലെ കണ്ടെടുത്തത് 28 മൃതദേഹങ്ങളാണ്. ഇപ്പോഴും ദുരന്തബാധിത മേഖലയിലെ നിരവധിപേരെ കണ്ടെത്താനായിട്ടില്ല. ഏഴാം ദിവസമായ ഇന്നും അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ചൂരല്‍മലയിലും മുണ്ടക്കൈയിലും തിരച്ചിൽ തുടരും. കൂടുതൽ സ്ഥലങ്ങളിൽ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്.

അതേസമയം കനത്തമഴയെ തുടർന്ന് അവധി നൽകിയ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങള്‍ ഒഴികെയാണ് തുറക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ അവശേഷിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.

മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾക്ക് കഴിഞ്ഞ ദിവസം സർവമതപ്രാർത്ഥനയോടെ വയനാട് വിടചൊല്ലി. തിരിച്ചറിയാത്ത എട്ടുപേരുടെ മൃതദേഹങ്ങൾ പുത്തുമലയിൽ സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്‍റേഷന്‍ ഭൂമിയിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍. ഉരുള്‍ ഉയിർ കവർന്നവർ നിത്യനിദ്രയ്ക്കായി ഒന്നിച്ചപ്പോള്‍ മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാന്‍ എത്തിച്ചേർന്നത്.

Comments (0)
Add Comment