വയനാട് ദുരന്തത്തില്‍ മരണം 340 ആയി; തിരച്ചില്‍ അഞ്ചാം ദിവസം, കണ്ടെത്താനുള്ളത് 250 ലേറെ പേരെ

 

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസം തുടരുകയാണ്. ഇനിയും 250-ലേറെ ആളുകളെ കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. 146 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളില്‍ സംസ്‌കരിക്കും. 84പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ചാലിയാറിൽനിന്ന് ഏഴ് മൃതദേഹങ്ങളും 10 മൃതദേഹ ഭാഗങ്ങളുമാണ് ഇന്നലെ കിട്ടിയത്. ആകെ 189 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 69 മൃതദേഹങ്ങളും 120 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും. 37 പുരുഷന്മാർ, 27 സ്ത്രീകൾ, മൂന്ന് ആൺകുട്ടികൾ, രണ്ട് പെൺകുട്ടികള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. 180 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. 149 മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹവും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 338 പോസ്റ്റ്‌മോര്‍ട്ടം നടത്തി.

ഇന്നലെ റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയയെങ്കിലും ജീവന്‍റെ തുടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏറെ നേരത്തെ തിരച്ചില്‍ യാതൊന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ദൗത്യസംഘംദൗത്യം അവസാനിപ്പിക്കുകയായിരുന്നു. റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്നും ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്.

തിരച്ചില്‍ ആറ് മേഖലകളിലായി തുടരാനാണ് തീരുമാനം. ചാലിയാറിലെ തിരച്ചിലിന് ബോട്ടുകളും ഡ്രോണുകളും ഉപയോഗിക്കും. ഡൽഹിയിൽനിന്ന് ഡ്രോൺ ബേസ്ഡ് റഡാർ തിരിച്ചിലിനായി എത്തും. ആറ് സോണുകളായി 40 സംഘങ്ങളാണ് തിരച്ചിൽ നടത്തുക. സൈന്യം, എൻഡിആർഎഫ്, നേവി, എയർഫോഴ്‌സ്, ഡോഗ് സ്‌ക്വാഡ് എന്നിവരും തിരച്ചിലിൽ പങ്കെടുക്കും. അതേസമയം വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.

Comments (0)
Add Comment