മുണ്ടക്കൈയിലേക്ക് ബെയ്‌ലി പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നു; രക്ഷാപ്രവർത്തനത്തിന് വേഗം കൂടും | VIDEO

 

കല്‍പ്പറ്റ: കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. രാത്രിയിലും തുടർന്ന പാലത്തിന്‍റെ നിർമ്മാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിഞ്ഞേക്കും. പണി പൂർത്തീകരിച്ചാൽ ജെസിബി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ബെയ്‌ലി പാലത്തിലൂടെ കടന്നുപോകാനാവും.

ചൂരൽമലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിന്‍റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിന്‍റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്‍റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിന്‍റെ ശ്രമം. പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനുള്ള ജോലികള്‍ തുടരുകയാണ്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കാനാവൂ. അതിനുശേഷമേ വാഹനങ്ങൾക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.

അതിനിടെ ബെയ്‌ലി പാലത്തിന് സമാന്തരമായി ഒരു നടപ്പാലവും സൈന്യം നിർമ്മിക്കുന്നുണ്ട്. ബെയ്‌ലി പാലത്തിന് താഴെയായി പുഴയിലാണ് നടന്നുപോകാൻ കഴിയുന്ന പാലം കരസേന നിർമ്മിക്കുന്നത്.  190 മീറ്റർ നീളമുള്ള പാലമാണു നിർമ്മിക്കുന്നത്. നേരത്തെ മുണ്ടക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ തടികൊണ്ടു താല്‍ക്കാലികമായി നിർമ്മിച്ച പാലം മുങ്ങിയിരുന്നു. പ്രദേശത്തേക്ക് കൂടുതല്‍ കട്ടിംഗ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. എയർലിഫ്റ്റിംഗ് ഉള്‍പ്പെടെ ഉപയോഗിച്ചുള്ള മാർഗങ്ങളിലൂടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് ശ്രമം.

 

Comments (0)
Add Comment