വയനാട് ഉരുള്‍പൊട്ടല്‍; മരിച്ചവരുടെ എണ്ണം 21 ആയി, താൽക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനത്തിന് നീക്കം

 

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണെന്നാണ് ലഭിക്കുന്ന വിവരം. മലവെള്ളപ്പാച്ചിൽ ഇപ്പോഴും തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ സാധിക്കുന്നില്ല.‌ ചൂരല്‍മലയിലെ പാലം തകര്‍ന്നതിനാല്‍ താൽക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം.

വയനാട് ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി.

മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലുമാണ് ഇന്ന് പുലർച്ചെ ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്.  മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതുവരെ 19 പേരാണ് മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മേപ്പാടി ആശുപത്രിയിൽ 33 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂം: 8075401745. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 9995220557, 9037277026, 9447732827. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Comments (0)
Add Comment