വയനാട് ദുരന്തത്തില്‍ മരണം 365 ആയി; കാണാമറയത്ത് 206 പേർ, തിരച്ചില്‍ ആറാം ദിവസം

 

കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 365 ആയി. കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുകയാണ്. 206 പേരെ കാണാനുണ്ടെന്നാണ് കണക്കുകള്‍. ആറ് സംഘങ്ങളായി തിരിഞ്ഞ് മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നത്. സൈന്യത്തിന്‍റെ റഡാർ സംവിധാനം ഉപയോഗപ്പെടുത്തിയും തിരച്ചില്‍ നടത്തുന്നുണ്ട്.

148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മേപ്പാടിയിൽ തന്നെ സ്ഥലം കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കും. ഹാരിസൺസ് മലയാളം ലിമിറ്റഡ് ഇതിനായി ഭൂമി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട്ടിസെ ദുരന്തബാധിതമേഖല സന്ദർശിച്ചു.

പ്രദേശത്ത് ആറു സംഘങ്ങളായി തിരിഞ്ഞുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ചാലിയാറിലും തിരച്ചില്‍ നടത്തും. സൈന്യത്തിന്‍റെയും സന്നദ്ധസംഘടനകളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. ഇന്നലെ തമിഴ്നാടിന്‍റെ ഫയർഫോഴ്സ് ഡോഗ് സ്ക്വാഡും തിരച്ചിലിനായി എത്തിയിരുന്നു. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 10,042 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 93 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രദേശത്തുള്ളത്.

Comments (0)
Add Comment