കൊച്ചി : വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍. രണ്ടാഴ്ചക്കകം നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി. ദേശീയ ദുരന്തമായി
പ്രഖ്യാപിക്കണമോ എന്നത് സംബന്ധിച്ച വിദഗ്ധ സമിതിയുടെ കൂടിയാലോചന നടക്കുകയാണെന്നും രണ്ടാഴ്ചയ്ക്കകം
തീരുമാനം അറിയിക്കാമെന്നും കേന്ദ്രം മറുപടി നല്‍കി.
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണമെന്നും അമിക്കസ്‌ക്യൂറി കോടതിയില്‍ ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ എന്നും ബാങ്ക് വഴിയോ ട്രഷറര്‍ വഴിയോ നഷ്ടപരിഹാരം ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു.
അതെസമയം വയനാടിനായി പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.