വയനാട്ടിലെ ദുരന്തം മനുഷ്യനിർമ്മിതം; അനധികൃത നിർമ്മാണപ്രവർത്തനങ്ങളും ക്വാറികളും സർക്കാർ നിയന്ത്രിച്ചില്ലെന്ന് മാധവ് ഗാഡ്ഗില്‍

 

വയനാട്ടിലെ ദുരന്തം മനുഷ്യനിർമ്മിതമെന്ന് പരിസ്ഥിതി ശാസ്‌ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ക്വാറികളുടെ നിരന്തര പ്രവർത്തനവും പാറപൊട്ടിക്കലും പ്രധാന കാരണം. ഇതിൽ സർക്കാരിനും പങ്കുണ്ട്. ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചു. പ്രദേശത്തെ റിസോർട്ടുകളുടെ അനധികൃത നിർമ്മാണം നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. പ്രകൃതിയെ മറന്നുള്ള നിർമ്മാണങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് സർക്കാരെന്നും മാധവ് ഗാഡ്ഗിൽ കുറ്റപ്പെടുത്തി.

പരിസ്ഥിതി ദുർബല പ്രദേശമാണ് ഇപ്പോൾ ഉരുൾ പൊട്ടിയ മേഖല. പ്രദേശത്തെ റിസോർട്ടികളും അനധികൃത നിർമ്മാണവും നിയന്ത്രിക്കാൻ സർക്കാർ ഇടപെട്ടില്ല. ഇപ്പോഴും അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ യഥേഷ്ടം പുരോഗമിക്കുന്നുണ്ട്. പ്രകൃതിയെ മറന്നുള്ള നിർമ്മാണങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. ക്വാറികൾ ഇടതടവില്ലാതെ പ്രവർത്തിക്കുന്നതാണ് ഉരുൾപൊട്ടലിന്‍റെയും മണ്ണിടിച്ചിലിന്‍റെയും പ്രധാന കാരണം. ഇതാണ് വയനാട്ടിൽ സംഭവിച്ചത്. പാറപൊട്ടിക്കൽ മണ്ണിന്‍റെ ബലം കുറച്ചു. അതിശക്തമായ മഴവന്നതോടെ വൻ ദുരന്തത്തിലേക്ക് അത് കൊണ്ടുചെന്നെത്തിക്കുകയായിരുന്നുവെന്ന് ഗാഡ്ഗിൽ പറഞ്ഞു.

കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്നു അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. 1970-കളിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽ തീവ്രതാ മാപ്പിൽ വയനാടിന്‍റെ മൊത്തം ഭൂപ്രദേശത്തെ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മൂന്നായി തരം തിരിച്ചിരുന്നു. ഉരുൾപൊട്ടൽ സാധ്യത കൂടിയ സ്ഥലങ്ങൾ, മിതമായ ഉരുൾപൊട്ടലിന് സാധ്യതയുള്ള സ്ഥലങ്ങൾ, ഉരുൾപൊട്ടലിന് ചെറിയ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിങ്ങനെ ഈ മാപ്പിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ദുരന്തം സംഭവിച്ച ചൂരൽമലയും അട്ടമലയും മുണ്ടക്കൈയുമെല്ലാം ഈ മാപ്പിൽ അന്നേ ഇടംപിടിച്ചിരുന്നു. ഇപ്പോൾ ചൂരൽമലയും അട്ടമലയും മുണ്ടക്കൈയും മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുമ്പോൾ ജിയോളജിക്കൽ സർവെ ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽ തീവ്രതാ മാപ്പ് വീണ്ടും ചർച്ചയിലേയ്ക്ക് വരികയാണ്.

ഇനിയൊരു ദുരന്തമുണ്ടായാൽ ചൂരൽമല ടൗൺ അവശേഷിക്കില്ലെന്ന് ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയിരുന്നു. 2019 ഓഗസ്റ്റ് 8ന് പുത്തുമലയിൽ ഉരുൾപൊട്ടിയ അവസരത്തിലാണ് അദ്ദേഹം വയനാട്ടിലെത്തിയത്. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വർഷം മതിയാകുമെന്നും ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയിരുന്നു. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണവും ഉരുള്‍പൊട്ടല്‍ പോലെയുള്ള സമാന പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment