വയനാട് ബിജെപിയില്‍ പൊട്ടിത്തെറി ,പിന്നാലെ കൂട്ടരാജി : പാർട്ടി നഗരസഭാ കമ്മിറ്റി പിരിച്ചുവിട്ടു

Jaihind Webdesk
Saturday, June 26, 2021

കൽപറ്റ : വയനാട് ബിജെപിയില്‍ പൊട്ടിത്തറിയും കൂട്ടരാജിയും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിൽ ഉയർന്ന കോഴ വിവാദത്തിലാണ് പാർട്ടിയിലെ പ്രശ്നങ്ങള്‍ മറനീക്കിയത്. യുവമോർച്ച ജില്ലാ പ്രസിഡന്‍റിനേയും മണ്ഡലം പ്രസിഡന്‍റിനേയും സ്ഥാനത്ത് നിന്ന് നീക്കി അച്ചടക്ക നടപടി എടുത്തിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്‍റ് ദീപു പുത്തൻപുരയിലിനെയും  പ്രസിഡന്‍റ് ലിലിൽ കുമാറിനെയുമാണ്  തൽസ്ഥാനത്ത് നിന്ന് നീക്കിയത്.

കോഴ വിവാദത്തിൽ ആരോപണം ഉയർന്ന നേതാക്കൾക്കെതിരെ ഇരുവരും  വിമർശനമുയർത്തിയിരുന്നു. ഇവരെ പുറത്താക്കിയതിന് പിന്നാലെയാണ് പാർട്ടിയില്‍ കൂട്ടരാജി ഉണ്ടായത്. ബത്തേരി നഗരസഭാ കമ്മിറ്റി ഭാരവാഹികൾ രാജിവെച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായുമാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്. വിവിധ പഞ്ചായത്ത് കമ്മിറ്റികളിലും സമാനമായി കൂട്ടരാജി ഉണ്ടായിട്ടുണ്ട്.

നേതൃത്വത്തിനെതിരെ വിമർശനങ്ങളുയർത്തി ദീപു പുത്തൻപുരയിൽ കഴിഞ്ഞ ദിവസം രാത്രി ഫേസ്ബുക്കിലൂടെ രംഗത്തെത്തി. പിടിച്ചുപറിക്കപ്പെടും മുമ്പേ നിസ്സഹായനായി ഉപേക്ഷിക്കുകയാണ് എന്നു തുടങ്ങുന്നതാണ് പോസ്റ്റ്. സംഘടനയോടുള്ള കൂറും ഉത്തരവാദിത്തവും നിർവഹിച്ചിട്ടുണ്ട്. എന്നാൽ അധികാരമോഹികളുമായി സന്ധി ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് വിട്ടുപോകുന്നതെന്നും ഇയാൾ കുറിച്ചു.

ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേഷ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയും രാജിയും.