വിലാപഭൂമിയായി വയനാട്: ദുരന്തമെടുത്തത് 270 പേരെ; ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ നിർത്തി

 

കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതർ അറിയിച്ചു. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി. മഴയിലും യന്ത്രസഹായത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാദൗത്യത്തിന്‍റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചിൽ. രാവിലെ ഇവിടെ സൈനികർ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങൾ പൂർണമായി മാറ്റാൻ സാധിച്ചിരുന്നില്ല. ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ നിർത്തി. നാളെ രാവിലെ പുനഃരാരംഭിക്കും.

വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്നു വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാംപിലേക്കു മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

Comments (0)
Add Comment