തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും പോളിംഗ് പുരോഗമിക്കുന്നു. മികച്ച പോളിങ് ആണ് ഇത് വരെ രേഖപ്പെടുത്തിയത്. രാവിലെ മുതൽക്ക് തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.
ഉച്ചയോടെ ചേലക്കരയിൽ 44.35 ശതമാനവും വയനാട് 40.64 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിലൂടെ ദേശീയശ്രദ്ധ ആകർഷിച്ച വയനാട്ടിൽ 14,71,742 പേർക്കാണ് വോട്ടവകാശം. എൽഡിഎഫിലെ സത്യൻ മൊകേരി, എൻഡിഎയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ പ്രധാന എതിരാളികൾ. ആകെ 16 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 1,354 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 11 ബൂത്തുകൾ പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്.
ചേലക്കരയിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. 2.13 ലക്ഷം വോട്ടർമാർക്കായി 180 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. റിസർവ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുൾപ്പടെ ആകെ 236 ഇവിഎമ്മുകൾ ക്രമീകരിച്ചിട്ടുണ്ട്.