മുത്തങ്ങ ദേശീയപാതയില്‍ വെള്ളക്കെട്ട്; വാഹനങ്ങള്‍ കൂട്ടത്തോടെ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സും പോലീസും നാട്ടുകാരും

 

സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങ ദേശീയപാതയില്‍ രാത്രി വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിക്കിടന്ന യാത്രക്കാരെ സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷാ സേന, പോലീസ്, ഫോറസ്റ്റ്, നാട്ടുകാര്‍ സംയുക്തമായി നടത്തിയ പ്രയത്‌നത്തിലൂടെ രക്ഷപ്പെടുത്തി. 25 ഓളം വാഹനങ്ങളില്‍ ആയി 400 ഓളം യാത്രക്കാരാണ് കുടുങ്ങിയത്. നാലു മണിക്കൂറോളം പ്രയത്നിച്ചാണ് ഇവരെ സുരക്ഷിതമായി മറുകര എത്തിച്ചത്. കനത്ത മഴയ്ക്കിടെയായിരുന്നു രക്ഷാദൗത്യം.

പൊന്‍കുഴി ക്ഷേത്രത്തിനും മുത്തങ്ങ കാട്ടുനായ്ക്ക കോളനിക്കും ഇടയിലുള്ള മുക്കാല്‍ കിലോമീറ്ററോളം ഭാഗത്താണ് ബസുകളും കാറുകളുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങിയത്. സുല്‍ത്താന്‍ബത്തേരിയിലേക്കുള്ള വാഹനങ്ങളാണ് കുടുങ്ങിയിരുന്നത്. രാവിലെ പാതയില്‍ വെള്ളംകയറി ഗതാഗതം തടസപ്പെട്ടിരുന്നെങ്കിലും വെളിച്ചമുണ്ടായിരുന്നതിനാല്‍ വൈകിട്ട് ഏഴരവരെ വാഹനങ്ങള്‍ കടന്നുപോയിരുന്നു. ഇരുട്ടുവീണതോടെയാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്ത സ്ഥിതിയിലായത്. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ യാത്രക്കാര്‍ക്ക് ബത്തേരിയുടെ വികസനം വാട്ട്സ് ആപ്പ് കൂട്ടായ്മ ഭക്ഷണം എത്തിച്ചു നല്‍കി. കേടായ വാഹനങ്ങളില്‍ ചിലത് പുറത്ത് എത്തിക്കാനായിട്ടില്ല.

 

Comments (0)
Add Comment