സംസ്ഥാനത്ത് വെള്ളക്കരം അഞ്ച് ശതമാനം കൂട്ടി ; ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും

Jaihind News Bureau
Thursday, February 18, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ പ്രതിവർഷം അഞ്ച് ശതമാനം വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും. അതേസമയം നിരക്ക് വർധന വിവാദം മുന്നില്‍ക്കണ്ട് കേന്ദ്ര നിർദേശ പ്രകാരമാണ് വെള്ളക്കരം കൂട്ടുന്നതെന്ന് വകുപ്പിന്‍റെ വിശദീകരണം.

അഞ്ചുവര്‍ഷം വെള്ളക്കരം വര്‍ധിപ്പിക്കില്ലെന്നായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രകടനപത്രിക. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി രണ്ടു ശതമാനം വര്‍ധിപ്പിക്കണമെങ്കില്‍ വെള്ളക്കരം കൂട്ടണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് തീരുമാനമെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ വിശദീകരണം. തെരഞ്ഞെടുപ്പുകാലത്ത് നിരക്ക് വര്‍ധന സംബന്ധിച്ച വിവാദം ഒഴിവാക്കാനുള്ള തന്ത്രമാണിതെന്ന് ആരോപണമുണ്ട്.

ഗാര്‍ഹികം അടക്കം എല്ലാ വിഭാഗത്തിനും അടിസ്ഥാന താരിഫില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുക. ആയിരം ലിറ്ററിന് നാല് രൂപയാണ് നിലവിലെ മാസനിരക്ക്. ഇത് 4.20 രൂപയാകും. 5000 ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തില്‍ ആയിരം ലിറ്ററിന് വ്യത്യസ്ത നിരക്കുകളാണ്. 50,000 ലിറ്ററിന് കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 40 രൂപ എന്നത് 42 രൂപയാകും. നിരക്കില്‍ വർധനവുണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഭാരമാകും. ഏപ്രില്‍ 1 മുതല്‍ വെള്ളക്കരം കൂട്ടാനാണ് നീക്കം.