‘ഇതെന്തൊരു വികൃത മനസാണ് വാഷിങ്ടണ്‍ ‘പോസ്റ്റേ’; പരിഹസിച്ച് ഷാഫി പറമ്പില്‍

Jaihind News Bureau
Thursday, April 16, 2020

 

കൊവിഡില്‍ കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചെഴുതിയ ലേഖനത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് തിരുത്ത് വരുത്തിയതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ‘പേര് പോലെ തന്നെയാണ് ഇവരുടെ നടപടികളും എന്ന് തോന്നുന്നു . എന്നാലും ആരേയും ഇങ്ങനെ പോസ്റ്റാക്കാൻ പാടില്ലായിരുന്നു. ഇതെന്തൊരു വികൃത മനസ്സാണ്’ എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം  കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടം കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടേത് മാത്രമാക്കി ചിത്രീകരിച്ച് എഴുതിയ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനുപിന്നാലെയാണ് യാഥാര്‍ത്ഥ്യം മനസ്സിലാക്കി പത്രം തലക്കെട്ടിലും ഉള്ളടക്കത്തിലും തിരുത്തല്‍ വരുത്താന്‍ തയ്യാറായത്.

1950-ന് ശേഷം അധികാരത്തിലിരുന്ന വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസത്തിനും സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വലിയ രീതിയില്‍ നിക്ഷേപം നടത്തി. അതുകൊണ്ട് ഉയര്‍ന്ന സാക്ഷരതയുണ്ടായി. ഒപ്പം ഏറ്റവും മികച്ച പൊതുജന ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ലേഖനത്തില്‍ പറയുന്നു.