വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഡിജിറ്റല്‍ യുദ്ധമുറ; വാര്‍ റൂം തുറന്ന് പോരാളികള്‍

Jaihind Webdesk
Friday, April 12, 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വേണ്ടി നവ മാധ്യമങ്ങളിൽ പ്രചാരണം സജീവമാക്കാൻ വയനാട് ലോക്സഭാ മണ്ഡലത്തിൽ ‘വാർ റൂം’ ഒരുങ്ങി. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ മുക്കത്താണ് വാർ റൂം സജ്ജമാക്കിയിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിൽ പരിചയ സമ്പന്നരായ ഒരു ഡസനിലേറെ വരുന്ന യുവാക്കൾ സംഘത്തിലുണ്ട്. പ്രചാരണത്തിനൊപ്പം മുഴുവൻ സമയം സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ നുണ പ്രചാരണങ്ങൾ കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാൻ പ്രത്യേക സംഘം വാർ റൂമിൽ ഉണ്ടായിരിക്കും.

എ.ഐ.സി.സി സോഷ്യൽ മീഡിയ ചെയർപേഴ്സൺ ദിവ്യ സ്പന്ദന വാർ റൂം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തെക്കെന്നും വടക്കെന്നും വിഭജിക്കുന്നവർക്കുള്ള മറുപടിയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വമെന്ന് ദിവ്യ സ്പന്ദന പറഞ്ഞു. വയനാട്ടിലെ ഫലത്തെ കുറിച്ച് തികഞ്ഞ ശുഭപ്രതീക്ഷയുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ സാഹചര്യത്തിലാണ് വാർ റൂം വഴി രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ തീരുമാനിച്ചതെന്നും ദിവ്യ സ്പന്ദന കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സാദിഖലി ശിഹാബ് തങ്ങൾ, മാധ്യമ വിഭാഗം കോ ഓർഡിനേറ്റർ കെ.പി അനിൽകുമാർ, ഡി.സി.സി പ്രസിഡൻ്റ് വി.വി പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.[yop_poll id=2]