ന്യൂഡല്‍ഹി: ദുരന്തസമയത്ത് എല്ലാവരും ഒരുമിച്ചു നിന്ന് പുനരധിവാസവും രക്ഷാപ്രവർത്തനവും നടത്തുമ്പോള്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാക്പോര് നിർഭാഗ്യകരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേന്ദ്ര സർക്കാരിന്‍റെ ഉത്തരവാദിത്തമില്ലായ്മയാണ് വാക്പോരിലൂടെ പുറത്തുവരുന്നത്. അനവസരത്തിലുള്ള പ്രചാരണം ദുഷ്ടലാക്കോടെയാണ്. രക്ഷാപ്രവർത്തനം നടത്താൻ സൈന്യം മാത്രമല്ല, പാവപ്പെട്ടവരും പങ്കാളികളാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം നടത്തുന്ന സാധാരണക്കാരുടെയെല്ലാം മനോവീര്യം കെടുത്തുന്നതാണ് കേന്ദ്ര മന്ത്രിമാരുടെ പ്രതികരണങ്ങൾ. ഉരുൾപൊട്ടലുണ്ടാകുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദ്യം രാജ്യസഭയിൽ പറഞ്ഞത്. അത് ഇത്തിരി മാറ്റി ലോക്സഭയിൽ പറഞ്ഞു. അതിന്‍റെ സാങ്കേതികത്വം തിരയുന്നില്ല. നടപടി എടുക്കേണ്ടവർ തന്നെ ഇങ്ങനെ പറഞ്ഞാൽ എന്താണ് ചെയ്യേണ്ടത്. കേരളത്തിന്‍റെ ഈ പ്രദേശത്ത് താമസിക്കുന്നവർ മഹാപാപികളാണോയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.