വഖഫ് ബോർഡ് ഭേദഗതി ബില്‍ ഇന്ന് പാർലമെന്‍റില്‍; കേന്ദ്ര സർക്കാരിന്‍റേത് ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് വിമർശനം

 

ന്യൂഡല്‍ഹി: വഖഫ് ബോർഡിന്‍റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ കേന്ദ്ര സർക്കാർ കൊണ്ടുവരാനിരുന്ന ഭേദഗതി ബില്ലിന്‍റെ അവതരണം ഇന്ന്. കേന്ദ്രമന്ത്രി കിരൺ റിജിജു രാവിലെ 11 മണിക്കായിരിക്കും ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുക. നിലവിലെ വഖഫ് നിയമത്തിൽ 40 ഭേദഗതികൾ കൊണ്ടുവരുന്ന ബില്ലാണ് പ്രതിഷേധങ്ങള്‍ക്കിടെ അവതരിപ്പിക്കുന്നത്.

സുതാര്യത കൊണ്ടുവരാനാണു ഭേദഗതികൾ വഴി ലക്ഷ്യമിടുന്നതെന്നാണു വിഷയത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. ചൊവ്വാഴ്ച രാത്രി ലോക്സഭാംഗങ്ങൾക്ക് ബില്ലിന്‍റെ പകർപ്പ് വിതരണം ചെയ്തിരുന്നു. ബിൽ പാസായാൽ വഖഫ് സ്വത്തുക്കളെന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്കു വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണു വഖഫ് ബോര്‍ഡിനു കീഴിലുള്ളത്. വഖഫ് കൗണ്‍സിലുകളിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും ഇനി മുതല്‍ വനിതാ പ്രാതിനിധ്യവും ഉറപ്പു വരുത്തുക, യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തു കളയുക എന്നിവയാണു ബില്ലിലൂടെ സര്‍ക്കാർ‌ ലക്ഷ്യം വെക്കുന്നത്.

അതേസമയം വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ഹരിയാന, ജാർഖണ്ഡ്, കശ്മീർ തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചാണ് ഈ ബിൽ ഇപ്പോൾ അവതരിപ്പിക്കുന്നതെന്നും ധ്രുവീകരണമാണു കേന്ദ്ര സർക്കാർ ലക്ഷ്യമെന്നുമാണു വിഷയത്തിൽ കോൺഗ്രസിന്‍റെ നിലപാട്.

Comments (0)
Add Comment