അയോധ്യ, ഗുരുവായൂര്‍ ക്ഷേത്ര ബോര്‍ഡുകളില്‍ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുമോ? കേന്ദ്രത്തിന്‍റേത് ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് കെ.സി. വേണുഗോപാല്‍ എംപി

 

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ് വഖഫ് ഭേദഗതിയിലൂടെ ചെയ്യുന്നതെന്ന് കെ.സി. വേണുഗോപാല്‍ എം പി പറഞ്ഞു. വഖഫ് ബോര്‍ഡിന്‍റെ സ്വത്തുക്കള്‍ വിശ്വാസികളുടേതാണ്. അവരാണ് വഖഫ് സംഭാവന നല്‍കുന്നത്. അമുസ്‌ലീങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതാണ് നിലവിലെ ഭേദഗതി. അയോധ്യ രാമക്ഷേത്ര ബോര്‍ഡിലോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലോ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നത് ആരെങ്കിലും ചിന്തിക്കുമോയെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.

“ഒരാളുടെ വിശ്വാസത്തിനും മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തിനും നേരെയുള്ള ആക്രമണമാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണിത്. ആദ്യം നിങ്ങള്‍ മുസ്‌ലീങ്ങള്‍ക്കെതിരെ തിരിയും. പിന്നീട് ക്രിസ്ത്യാനികള്‍ക്കെതിരെയും ജൈനര്‍ക്കെതിരെയും പാഴ്സികള്‍ക്കെതിരെയും തിരിയും. ഞാനും വിശ്വാസിയാണ്, ഹിന്ദുവാണ്. എന്നാല്‍ മറ്റ് വിശ്വാസികളെയും മതത്തെയും ബഹുമാനിക്കുന്നു. നടക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണ്. ഹരിയാന തിരഞ്ഞെടുപ്പാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്” –  കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഭിന്നതയുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്നും കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബില്ലിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി. വഖഫ് ഭേദഗതി ബില്‍ പാർലമെന്‍ററി സമിതിക്ക് വിട്ടു.

Comments (0)
Add Comment