മാവോയിസ്റ്റുകൾക്ക് വേണ്ടി തണ്ടർബോൾട്ട് ഇന്ന് മുതൽ തിരച്ചിൽ ആരംഭിക്കും

Jaihind Webdesk
Saturday, March 9, 2019

വയനാട് വൈത്തിരി റിസോർട്ടിലുണ്ടായ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്ക് വേണ്ടി വയനാട് ജില്ലയിലെ മുഴുവൻ വനങ്ങളിലും തണ്ടർബോൾട്ട് ഇന്ന് മുതൽ തിരച്ചിൽ ആരംഭിക്കും.  മാവോയിസ്റ്റുകൾ അന്യ സംസ്ഥാനങ്ങളിലേക്ക് രക്ഷപെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് കർണാടക തമിഴ്‌നാട് സംസ്ഥാനങ്ങളും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വൈത്തിരി ഉപവൻ റിസോർട്ടിൽ ജലീലിനൊപ്പമെത്തിയത് മാവോയിസ്റ്റ് നേതാവ് ചന്ദ്രുവാണെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഉപവൻ റിസോർട്ടിൽ നടന്ന വെടിവെപ്പിനുശേഷം ചന്ദ്രുവും ബാക്കിയുള്ള 9 പേരും ഓടിക്കയറിയത് റിസോർട്ടിന് പുറകിലുള്ള വനത്തിലേക്കാണ്. കാലിന് ഗുരുതര പരിക്കേറ്റിരിക്കുന്നതിനാൽ ചന്ദ്രുവിന് ദൂരേക്ക് യാത്രചെയ്യാനാവില്ല എന്നായിരുന്നു പൊലീസ് നിഗമനം, ഇതിന്‍റെ അടിസ്ഥാനത്തിൽ റിസോർട്ടിന് പുറകിൽ സുഗന്ധഗിരി വരെയുള്ള 15 കിലോമീറ്റർ വനത്തിനുള്ളിൽ രണ്ട് ദിവസം തണ്ടർബോൾട്ട് പരിശോധന നടത്തി.

ഇവർ പോകാൻ സാധ്യതയുള്ള സുഗന്ധഗിരിയിലെ ആദിവാസികളുടെ വീടുകൾ പൊലീസ് പരിശോധിച്ചു. പക്ഷെ ആരെയും കണ്ടെത്താനായില്ല. മാവോയിസ്റ്റുകൾ സ്ഥിരമായി വനത്തിനുള്ളിൽ താമസിക്കാറുള്ള സ്ഥലങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ്. സുഗന്ധഗിരി വഴി നിലമ്പൂരേക്കോ കുറ്റ്യാടിയിലേക്കോ അല്ലെങ്കിൽ ജില്ലയിലെ മറ്റേതെങ്കിലും വനത്തിനുള്ളിലേക്കോ മാറിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.

അത് കൊണ്ട് തന്നെ ഇന്ന് മുതൽ ജില്ലയിലെ എല്ലാ വനത്തിനുള്ളിലും ഒരേ സമയം പൊലീസ് പരിശോധന നടത്തും. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായുള്ള തിരുനെല്ലി മക്കിമല വെള്ളമുണ്ട പേരിയ മേപ്പാടി തുടങ്ങിയിടങ്ങളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. മാവോയിസ്റ്റ് ജിഷയുടെ മക്കിമലയിലെ വീട്ടിൽ ചന്ദ്രു ചികിത്സക്കെത്തുമോ എന്ന സംശയം പൊലീസിനുണ്ട്.

രണ്ട് ദിവസങ്ങളായി ഇവിടം പ്രത്യേക പൊലീസ് സംഘം നിരീക്ഷിച്ചുവരുകയാണ്. സംസ്ഥാന അതിർത്തിയിൽ കർണാടകവും തമിഴ്‌നാടും പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്. കർണാടകത്തിലെ കുടക് ചാമരാജ് നഗർ ജില്ലകളിലെ വനമേഖലകളിൽ ആൻറി നസ്‌കസ് സ്‌ക്വാഡ് ഇന്ന് മുതൽ പരിശോധന തുടങ്ങും.