ചൈത്ര തെരേസ വിഷയം; സാംസ്കാരിക നായകന്‍മാരൊക്കെ എവിടെയെന്ന് വി.ടി ബല്‍റാം MLA

Jaihind Webdesk
Saturday, January 26, 2019

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്തതിന് പിന്നാലെ പോലീസുദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സോഷ്യല്‍ മീഡിയയിലും ചൈത്ര തെരേസ ജോണിനെതിരായ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ച വി.ടി ബല്‍റാം എം.എല്‍.എ, വിഷയത്തില്‍ സാംസ്കാരിക നായകന്മാര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യവും ഉന്നയിച്ചു.

കർത്തവ്യ നിർവ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടുമാത്രം സി.പി.എം ഓഫീസ് റെയ്ഡ് ചെയ്ത പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത് എന്തു തരം നിയമവാഴ്ചയാണെന്ന് ബല്‍റാം ചോദിച്ചു. പിണറായി വിജയൻ-ലോക്നാഥ് ബഹ്റ ടീമിന്റെ പൊലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണെന്നും ഐ.പി.എസുകാരെ വേട്ടയാടി മനോവീര്യം തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബല്‍റാം ആരോപിച്ചു. വിഷയത്തില്‍ പ്രതികരിക്കാത്ത സാംസ്കാരിക നായകരെയും വിയടി ബല്‍റാം പരിഹസിച്ചു. സാംസ്കാരിക നായകരൊക്കെ പു.ക.സ നൽകിയ ഏതോ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വെച്ചിരിക്കുകയാണെന്ന് തോന്നുന്നു എന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്കിന്‍റെ പൂര്‍ണരൂപം:

ബാലികയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ സിപിഎമ്മുകാരെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെത്തേടിയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥക്ക് സംസ്ഥാന ഭരണകക്ഷിയുടെ പ്രാദേശിക ഓഫീസിലേക്ക് സെർച്ച് വാറണ്ടുമായി ചെല്ലേണ്ടി വന്നത്. കർത്തവ്യ നിർവ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമേ സാധാരണ ഗതിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂ. പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവർക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം. പോലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നത് മാത്രമല്ല, പോലീസ് മേധാവിയും പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാൽ മുഖ്യമന്ത്രിയും ചേർന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നു എന്നുകൂടിപ്പറഞ്ഞാൽ ഇതെന്തു തരം നിയമവാഴ്ചയാണ്! പിണറായി വിജയൻ- ലോകനാഥ് ബഹ്റ ടീമിന്റെ പോലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. ഡയറക്റ്റ് ഐപിഎസുകാരെ വേട്ടയാടി മനോവീര്യം തകർക്കുക എന്നതാണ് സിപിഎം ഭരണം വന്നതുമുതൽ ഇവിടത്തെ രീതി.

എവിടെയാണ് ഇന്നാട്ടിലെ സാംസ്ക്കാരിക നായകരൊക്കെ? വി ടി ബൽറാം ഫേസ്ബുക്കിൽ മറ്റാരുടേയെങ്കിലും പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി “ബാലകറാം” ആക്കി മാറ്റാൻ നടന്നവരൊക്കെ ഇപ്പോൾ പു ക സ നൽകിയ ഏതോ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.

 [yop_poll id=2]