വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറ വയ്ക്കാനാവില്ല, എല്ലാപേർക്കും പൂർണ്ണപിന്തുണ : വി.ടി ബല്‍റാം

Jaihind News Bureau
Friday, January 29, 2021

തിരുവനന്തപുരം : ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത യു.പി പൊലീസ് നടപടിക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആർക്കു മുന്നിലും അടിയറ വയ്ക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കർഷകരടക്കമുള്ള സാധാരണ പൗരരുടെ അവകാശങ്ങളെക്കുറിച്ച് ശബ്ദിച്ചതിന്‍റെ പേരിൽ സംഘ പരിവാർ ഭീകരതയെ തുറന്നുകാട്ടിയതിന്‍റെ പേരിൽ യോഗി  സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി വേട്ടയാടുന്ന ശശി തരൂരിനും മലയാളിയായ മാധ്യമപ്രവർത്തകൻ വിനോദ് കെ ജോസിനും മറ്റ് മനുഷ്യാവകാശ പ്രവർത്തകർക്കും പൂർണ്ണപിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശശി തരൂര്‍ എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് യു.പി പൊലീസ്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച്, സമൂഹമാധ്യമങ്ങളില്‍ തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പൊലീസ് ആരോപണം. മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ.ജോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. രാജ്യദ്രോഹം ഉള്‍പ്പെടെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കർഷകരടക്കമുള്ള സാധാരണ പൗരരുടെ അവകാശങ്ങളെക്കുറിച്ച് ശബ്ദിച്ചതിൻ്റെ പേരിൽ, സംഘ് പരിവാർ ഭീകരതയെ തുറന്നുകാട്ടുന്നതിൻ്റെ പേരിൽ, യോഗി ആദിത്യനാഥ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി വേട്ടയാടുന്ന കോൺഗ്രസ് നേതാവ് ഡോ. ശശി തരൂരിനും മലയാളിയായ മാധ്യമ പ്രവർത്തകൻ വിനോദ് കെ ജോസിനും മറ്റ് മനുഷ്യാവകാശ പ്രവർത്തകർക്കും പൂർണ്ണ പിന്തുണ. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആർക്കു മുന്നിലും അടിയറ വയ്ക്കാനാവില്ല.