വൗ… ആപ്പിള്‍ ജ്യൂസ്, ഫ്രൂട്ട്സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും; എന്നിട്ടും കെ.ടി. ജലീലിന് ആ പീഡകന്‍ ഏതോ ഒരു വളാഞ്ചേരിക്കാരന്‍

Jaihind Webdesk
Monday, May 6, 2019

തിരുവനന്തപുരം: വളാഞ്ചേരി പീഡനക്കേസില്‍പ്പെട്ട സി.പി.എം കൗണ്‍സിലറെ സംരക്ഷിച്ചെന്ന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. പീഡനക്കേസിലെ പ്രതിയായ ഷംസുദ്ദീനൊപ്പമുള്ള മന്ത്രിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ബല്‍റാമിന്റെ പരിഹാസം.

‘വൗ… ആപ്പിള്‍ ജ്യൂസ്, ഫ്രൂട്ട്‌സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും. ഇവിടത്തെ ടൂറില്‍ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരന്‍ ചുമ്മാ ഇടയില്‍ കയറിവന്ന് ഫോട്ടോ എടുക്കും’- ഈ കുറിപ്പ് സഹിതമാണ് ബല്‍റാം ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

പീഡനക്കേസിലെ പ്രതിയ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീലും വി.ടി ബല്‍റാമും തമ്മില്‍ തര്‍ക്കം നില്‍നില്‍ക്കുന്നതിനിടെയാണ് ഷംസുദ്ദീനൊപ്പമുള്ള മന്ത്രിയുടെ ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്.

2015ൽ കെ.ടി.ജലീൽ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിൽ പേഴ്സണൽ സ്റ്റാഫ് അല്ലാത്ത ഷംസുദ്ദീൻ എങ്ങനെ എത്തിയെന്ന് ചോദിച്ച് ബൽറാം ഇന്നലെ പോസ്റ്റിട്ടിരുന്നു.

പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട ഷംസുദീനെതിരെ ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ വിവരമറിയിച്ചിട്ടും പോലീസ് അന്വേഷണത്തെ അട്ടിമറിച്ച് പ്രതിക്ക് വിദേശത്തേക്ക് കടക്കാനുള്ള ഒത്താശ ചെയ്തു കൊടുത്തു എന്ന ആരോപണമാണ് ജലീലിനെതിരെ ഉയരുന്നതെന്നും. ഇൗ ആരോപണത്തിന് പിന്നിൽ പ്രതിപക്ഷമല്ലെന്നും മന്ത്രിയുടെ നാട്ടുകാരായ പെൺകുട്ടിയുടെ ബന്ധുക്കളാണെന്നും ബൽറാം തുറന്നടിച്ചിരുന്നു.