‘ഭഗവാൻ രാമൻ്റെ പേരിൽപ്പോലും തട്ടിപ്പ്, കൊടകര കുഴലൊക്കെ എന്ത്’ ! ; സംഘപരിവാറിനെതിരെ ബല്‍റാം

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ വിമർശനവുമായി വി.ടി ബല്‍റാം. രാമക്ഷേത്ര നിര്‍മാണത്തിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തിന്‍റെ വിമർശനം. ഭഗവാൻ രാമൻ്റെ പേരിൽപ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ എന്തെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

‘അയോധ്യയിൽ 5.8 കോടിയോളം ന്യായവില വരുന്ന സുമാർ 3 എക്കർ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10 ന് സ്ഥലമുടമകളിൽ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയൽ എസ്റ്റേറ്റ് ഏജൻറുമാർ വാങ്ങുന്നു. വെറും 5 മിനിറ്റിനുള്ളിൽ, അതായത് 7.15 ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയൽ എസ്റ്റേറ്റുകാർ രാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വിൽക്കുന്നു. ഉടൻ തന്നെ 17 കോടി രൂപ RTGS വഴി കൈപ്പറ്റുന്നു.

രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആൾക്കാർ തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനിൽ മിശ്രയും അയോധ്യയിലെ ബിജെപിക്കാരനായ മേയർ റിഷികേശ് ഉപാധ്യായയും. ട്രസ്റ്റിൻ്റെ ജനറൽ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിൻ്റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ചമ്പത് റായിയുടെ കാർമ്മികത്ത്വത്തിലാണ് മൊത്തം ഡീലുകൾ. ഭഗവാൻ രാമൻ്റെ പേരിൽപ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ എന്ത്!’ -ബല്‍റാം കുറിച്ചു.

 

 

Comments (0)
Add Comment