‘ഈ പോരാട്ടം ചങ്കിലെ ചൈനക്കെതിരെയാണോ അതോ ചങ്കനെതിരെയാണോ’; എം.എ ബേബിയെ ട്രോളി വി.ടി ബല്‍റാം

Jaihind News Bureau
Tuesday, April 28, 2020

കൊവിഡുമായി ബന്ധപ്പെട്ട എം.എ ബേബിയുടെ വാക്കുകളെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. കൊവിഡിനെതിരായ യുദ്ധം സത്യത്തില്‍ തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരെയുള്ള യുദ്ധമാക്കി മാറ്റണമെന്നായിരുന്നു എം.എ ബേബിയുടെ വാക്കുകള്‍. സന്ദേശം സിനിമയില്‍ ശങ്കരാടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാം ബേബിയുടെ വാക്കുകളെ പരോക്ഷമായി പരിഹസിച്ചത്.

‘ശങ്കരൻ നമ്പൂതിരിപ്പാട് മുതൽ ശങ്കരാടി വരെയുള്ള എല്ലാ കുമാരപിള്ള സാറുമാരും കഴിഞ്ഞ പത്തമ്പത് വർഷമായി ഘനഗംഭീരമായി മലയാളികളോട് പറഞ്ഞു വന്ന ആ പ്രതിക്രിയാവാതകം മാത്രമേ ഇപ്പോൾ പാവം പോളിറ്റ് ബ്യൂറോ സഖാവും പറഞ്ഞിട്ടുള്ളൂ. അതൊക്കെ മുട്ടൻ കോമഡിയായി തിരിച്ചറിയാൻ മലയാളികളിൽ പലർക്കും ഇപ്പോൾ കഴിയുന്നുണ്ട് എന്നതുകൊണ്ടാണ് ഈ ട്രോളുകളൊക്കെ ഉണ്ടാവുന്നത്.

ഏതായാലും തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങൾക്കെതിരായ ഈ പുതിയ പോരാട്ടം കോവിഡിനെ സൃഷ്ടിച്ച ചങ്കിലെ ചൈനക്കെതിരെയാണോ അതോ കോവിഡിനെ മറയാക്കി അമേരിക്കൻ കമ്പനിയുമായി തട്ടിക്കൂട്ട് കരാറുണ്ടാക്കിയ ചങ്കനെതിരെയാണോ എന്ന് കണ്ടു തന്നെ അറിയണം.’- ബല്‍റാം കുറിച്ചു.