‘അന്താരാഷ്ട്ര പി ആർ വർക്കുകൾ തുടക്കത്തിലേ പാളുന്നത് എന്തൊരു ദ്രാവിഡാണ്!’; പരിഹസിച്ച് വി.ടി ബല്‍റാം

Jaihind News Bureau
Thursday, April 16, 2020

കൊവിഡിനെ ഫലപ്രദമായി നേരിട്ട കേരളത്തിന്‍റെ  പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചെഴുതിയ ലേഖനത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് തിരുത്ത്  വരുത്തിയതിനു പിന്നാലെ പരിഹാസവുമായി വി.ടി ബല്‍റാം എംഎല്‍എ.  ‘സ്പ്രിങ്ക്ലർ സ്പോൺസർ ചെയ്യുന്ന അന്താരാഷ്ട്ര പി ആർ വർക്കുകൾ ഇങ്ങനെ തുടക്കത്തിലേ പാളുന്നത് എന്തൊരു ദ്രാവിഡാണ്!’ ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം  കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടം കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടേത് മാത്രമാക്കി ചിത്രീകരിച്ച് എഴുതിയ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനുപിന്നാലെയാണ് യാഥാര്‍ത്ഥ്യം മനസ്സിലാക്കി പത്രം തലക്കെട്ടിലും ഉള്ളടക്കത്തിലും തിരുത്തല്‍ വരുത്താന്‍ തയ്യാറായത്.

1950-ന് ശേഷം അധികാരത്തിലിരുന്ന വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസത്തിനും സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വലിയ രീതിയില്‍ നിക്ഷേപം നടത്തി. അതുകൊണ്ട് ഉയര്‍ന്ന സാക്ഷരതയുണ്ടായി. ഒപ്പം ഏറ്റവും മികച്ച പൊതുജന ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ലേഖനത്തില്‍ പറയുന്നു.

വെല്‍ക്കം ട്രസ്റ്റ്, ഡി.ബി.ടി ഇന്ത്യ അലൈന്‍സ് എന്നിവയുടെ സി.ഇ.ഒ ആയ ഷാഹിദ് ജമീലിന്‍റേതായി വന്ന ഉദ്ധരണികളെ അടിസ്ഥാനപ്പെടുത്തി തെറ്റായ തലക്കെട്ടാണ് പഴയ ലേഖനത്തില്‍ നല്‍കിയിരുന്നത്. പരിഷ്‌ക്കരിച്ച ലേഖനത്തിന്‍റെ  ഉള്ളടക്കത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എന്നതിന് പകരം അധികാരത്തിലിരുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടി സര്‍ക്കാരുകള്‍ എന്നു തിരുത്തിയിട്ടുണ്ട്.