‘അവസാനം പോകുന്നവർ ലൈറ്റ് ഓഫാക്കുക മാത്രമല്ല ഓഫീസ് തന്നെ എടുത്ത് ബിജെപിക്ക് കൊടുക്കുന്നു’ ; മണിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സിപിഎമ്മിനെ ട്രോളി വി.ടി ബല്‍റാം

Jaihind Webdesk
Saturday, December 19, 2020

 

തിരുവനന്തപുരം : ബംഗാളിലെ സിപിഎം എംഎല്‍എ തപ്‌സി മണ്ഡല്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ മന്ത്രി എംഎം മണിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പരിഹാസവുമായി വി.ടി ബല്‍റാം എംഎല്‍എ. സിപിഎമ്മില്‍ നിന്ന് അവസാനം പോകുന്നവര്‍ ചുമ്മാ അങ്ങ് ലൈറ്റ് ഓഫാക്കി പോകുകയല്ല ഓഫീസ് തന്നെ എടുത്ത് ബിജെപിക്ക് കൊടുക്കുകയാണെന്ന് എംഎം മണിയുടെ പഴയ പോസ്റ്റ് പങ്കുവെച്ച് ബല്‍റാം പരിഹസിച്ചു. കേരളത്തിൽ പോരാളി ഷാജി മുതൽ മന്ത്രി സ്ഥാനത്തിരിക്കുന്ന സിപിഎം നേതാക്കൾ വരെ സ്ഥിരമായി നടത്തുന്ന വിലകുറഞ്ഞ പ്രൊപ്പഗണ്ടയാണ് ഇപ്പോൾ ബംഗാളിൽ നിന്നുള്ള കാലുമാറ്റത്തിന് വാർത്താമൂല്യം പകരുന്നതെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇതാഘോഷിക്കാനുള്ള വാർത്തയൊന്നുമല്ല. പക്ഷേ, ഇവിടെ കേരളത്തിൽ പോരാളി ഷാജി മുതൽ മന്ത്രി സ്ഥാനത്തിരിക്കുന്ന സിപിഎം നേതാക്കൾ വരെ സ്ഥിരമായി നടത്തുന്ന വിലകുറഞ്ഞ പ്രൊപ്പഗാണ്ടയാണ് ഇപ്പോൾ ബംഗാളിൽ നിന്നുള്ള ഈ കാലുമാറ്റത്തിന് വാർത്താമൂല്യം പകരുന്നത്.
സിപിഎമ്മിന് ഇപ്പോൾ ബംഗാളിൽ ആകെയുള്ള 19 എംഎൽഎമാരിൽ ഒരാളായ തപസി മണ്ഡലാണ് ബിജെപിയിലേക്ക് പോകുന്നതായി ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ എംഎൽഎയും സീനിയർ നേതാവുമായ സ്വദേശ് രഞ്ജൻ നായക്കും നൂറ് കണക്കിന് പ്രവർത്തകരും ബിജെപിയിൽ ചേർന്നത് കഴിഞ്ഞ മാസമാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിൻ്റെ സിറ്റിംഗ് എംഎൽഎയായ ഖഗൻ മുർമ്മു ആ സ്ഥാനം പോലും രാജിവയ്ക്കാതെയാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇന്നദ്ദേഹം ബിജെപി എംപിയാണ്.

തെരഞ്ഞെടുപ്പടുക്കുമ്പോൾ ഇത്തരം കാലുമാറ്റങ്ങൾ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവ് കാഴ്ചയാണ്. മണി പവറും മസിൽ പവറും കേന്ദ്ര ഭരണത്തിൻ്റെ സ്വാധീനവും യാതൊരു തത്വദീക്ഷയുമില്ലാതെ ഉപയോഗിക്കുന്ന ബിജെപിയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കാലുമാറ്റം കൂടുതലായി സംഘടിപ്പിച്ചെടുക്കുന്നത്. ആ അധാർമ്മിക രാഷ്ട്രീയത്തിൻ്റെ ഇരകളാണ് ഇന്ത്യയിലെ മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളും. ഇത് തിരിച്ചറിയാതെ, പരസ്പരമുള്ള പരിഹാസങ്ങൾ ഇരകളെ കൂടുതൽ ദുർബ്ബലരാക്കുകയേ ഉള്ളൂ.

മുൻപൊരു ചാനൽ പരിപാടിയിൽ കാലുമാറ്റത്തേക്കുറിച്ച് ഞാൻ പറഞ്ഞ മറുപടി ഇടക്കുനിന്ന് കട്ട് ചെയ്ത് എനിക്കെതിരെ ട്രോൾ ആയും തെറിവിളിക്കായും സിപിഎമ്മുകാർ പതിവായി ഉപയോഗിക്കാറുണ്ട്. അന്നു പറഞ്ഞത് തന്നെയാണ് ഇപ്പോഴും ആവർത്തിക്കാനുള്ളത്. എല്ലാ പാർട്ടികളും ഇന്ന് ഇന്ത്യയിൽ ബിജെപിയിൽ നിന്ന് നേരിടുന്ന ഒരു പൊതു ഭീഷണിയാണിത്. കോൺഗ്രസിന് എല്ലാ സംസ്ഥാനങ്ങളിലും ഒരുപാട് നേതാക്കളുണ്ട്. അവരിൽ പലരും മുൻപ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമൊക്കെ സ്ഥാനങ്ങൾ വഹിച്ച് നാലാളറിയുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ അവരിലാരെങ്കിലും അക്കരപ്പച്ച തേടി കാലു മാറുമ്പോൾ അത് എല്ലാവരുടേയും ശ്രദ്ധയിൽ പെട്ടെന്ന് പതിയും. എന്നാൽ സിപിഎമ്മിന് അങ്ങനെ ദേശീയതലത്തിൽ അറിയപ്പെടുന്ന നേതാക്കൾ അപൂർവ്വമായിട്ടേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അവരിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പെട്ടെന്നാരുടേയും ശ്രദ്ധയിൽപ്പെടുന്നില്ല എന്ന വ്യത്യാസമേയുള്ളൂ.

സിപിഎമ്മിന് നേരത്തേ ശക്തിയുണ്ടായിരുന്ന സംസ്ഥാനങ്ങളിലേക്ക് ബിജെപിയുടെ കടന്നുകയറ്റം ഈയടുത്ത കാലത്ത് തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ, അവിടങ്ങളിലൊക്കെ ആദ്യത്തെ ലാപ്പിൽത്തന്നെ മത്സരത്തിൽ നിന്ന് ഔട്ടാവുന്ന ദയനീയതയാണ് സിപിഎം കാഴ്ചവച്ചത്. ഉദാഹരണത്തിന്, ത്രിപുരയിൽ 2014 പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് 64% വോട്ടാണ് ലഭിച്ചിരുന്നത്. പിന്നീട് 2018ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അത് 42.2% ആയി കുറഞ്ഞു. വെറും ഒരു വർഷത്തിനുള്ളിൽ നടന്ന 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലാവട്ടെ സിപിഎം വോട്ട് 17.31% ആയി കൂപ്പുകുത്തി. ഇതേ കാലയളവിൽ ബിജെപിയുടെ വോട്ട് ഷെയർ 5.7% ൽ നിന്ന് 49.03% ആയാണ് കുത്തനെ ഉയർന്നത്. എന്നാൽ, കോൺഗ്രസ്സിന് അവിടെ 15.2%ൽ നിന്ന് 25.34% ആയി വോട്ട് വർദ്ധിക്കുകയാണുണ്ടായത്.
അതുകൊണ്ട് തന്നെ എംഎം മണിയേപ്പോലുള്ളവരുടെ ഭാഷയിൽ സിപിഎമ്മിനെ ഈ വിഷയത്തിൽ തിരിച്ച് പരിഹസിക്കാൻ ഞാനില്ല. കാരണം, സിപിഎമ്മിൽ നിന്ന് അവസാനം പോകുന്നവർ ചുമ്മാ അങ്ങ് ലൈറ്റ് ഓഫാക്കി പോവുകയല്ല ചെയ്യുന്നത്, ഓഫീസ് തന്നെ എടുത്ത് കൊണ്ട് പോയി ബിജെപിക്ക് കൊടുക്കുകയാണ്.