‘ഓഫീസുകളിലെ എസി ഒരുമിച്ച് കേടായതാണോ, അതോ മുഖ്യമന്ത്രി പറഞ്ഞതു പോലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും “മുറ പോലെ” നടക്കേണ്ടതാണോ?’; വിമര്‍ശിച്ച് വി.ടി ബല്‍റാം

Jaihind News Bureau
Thursday, April 30, 2020

ലോക്ഡൗണ്‍ കാലത്ത് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ എസി സ്ഥാപിക്കാന്‍ ലക്ഷങ്ങള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എംഎല്‍എ. ലോക്ഡൗൺ കാലത്ത് എല്ലാ മുതിർന്ന ഉദ്യോഗസ്ഥരുടേയും ഓഫീസുകളിലെ എസി ഒരുമിച്ച് കേടായതാണോയെന്നും ഈ ചെലവുകള്‍ മുഖ്യമന്ത്രി പറഞ്ഞത് പോലെ ഏത് സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുറ പോലെ നടക്കേണ്ടതാണോയെന്നും ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സെക്രട്ടറിയേറ്റിൽ ഈ കോവിഡ് ലോക്ക്ഡൗൺ കാലത്ത് എല്ലാ മുതിർന്ന ഉദ്യോഗസ്ഥരുടേയും ഓഫീസുകളിലെ എസി ഒരുമിച്ച് കേടായതാണോ എന്തോ? അതോ ഈ വക ചെലവുകളെല്ലാം മുഖ്യമന്ത്രി പറഞ്ഞത് പോലെ ഏത് സാമ്പത്തിക പ്രതിസന്ധിക്കിടയിലും “മുറ പോലെ” നടക്കേണ്ടതാണോ?

വ്യവസായ വകപ്പ് സെക്രട്ടറിയുടെ ഓഫിസിൽ ഒരു പുതിയ എസി വാങ്ങുന്നു. ഏപ്രിൽ 13 ന്. വില വെറും 63,173 രൂപ

ജല വിഭവ വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ പുതിയ രണ്ട് എ സി. ഏപ്രിൽ 13 ന് തന്നെ. വില 1,18,342 രൂപ.

തദ്ദേശ സ്വയംഭരണ (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ വൈദ്യുത നവീകരണത്തിന് 64,000 രൂപക്ക് ഭരണാനുമതി നൽകിയത് ഏപ്രിൽ 16ന്.

സെക്രട്ടേറിയേറ്റിലെ സൗത്ത് സാൻഡ്വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിൽ വ്യവസായ വകുപ്പിലെ അണ്ടർ സെക്രട്ടറിമാർക്ക് രണ്ട് ഏസി വാങ്ങിയത് 1,30,000 രൂപക്ക്. ഭരണാനുമതി നൽകിയത് ഏപ്രിൽ 20 ന്.

കരാറുകൾ മിക്കതും ലഭിച്ചിരിക്കുന്നത് ജെ. മാക്സൽ ഏജൻസീസ്, കടപ്പാക്കട, കൊല്ലം.