പാലക്കാടിന്‍റെ വി.എസ് വജ്രത്തിളക്കത്തിൽ..

B.S. Shiju
Wednesday, September 4, 2019

ഇന്ദിരാഗാന്ധിയുടെ നിർദ്ദേശാനുസരണം കെ കരുണാകരന്‍റെയും എ.കെ ആന്‍റണിയുടെയും അന്വേഷണം ചെന്നെത്തിയത് പാലക്കാട് ജില്ലയിലെ  എരുമയൂരിലെ  ഒരു  യുവാവിലാണ്. അന്നത്തെ ആ യുവാവാണ് ഇന്ന് പൊതു പ്രവർത്തനത്തിൽ വജ്രജൂബിലിയുടെ നിറവിൽ നിൽക്കുന്ന വി.എസ് വിജയരാഘവൻ…

കൊല്ലം 1977. അടിയന്തിരാവസ്ഥ രാജ്യത്ത് അവസാനിക്കുന്നു. ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര എന്ന മുദ്രാവാക്യം  ദേശീയ തലത്തിൽ കോൺഗ്രസ് ശക്തമാക്കിയ കാലം. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുമ്പോൾ ഇന്ദിരാഗാന്ധി ഗൂഢമായൊരു  രാഷ്ട്രീയതന്ത്രം പയറ്റി.

1977 ലെ തെരഞ്ഞെടുപ്പില്‍ തനിക്കൊപ്പം നിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇന്ദിരാഗാന്ധി കേരളത്തെ ഉൾപ്പെടുത്തിയിരുന്നു. കേരളത്തിൽ എതിർപക്ഷത്തെ  നേതാവായ ഇ.എം.എസിനെ കരുത്തനായൊരു യുവാവിനെ നിർത്തി നേരിടുക. ആരോഗ്യകാരണങ്ങളാൽ എ.കെ.ജി മത്സരരംഗത്തില്ല. പാർട്ടിയെ നയിക്കേണ്ട ചുമതല സ്വാഭാവികമായും ഇ.എം.എസിനാകും. സംസ്ഥാനത്ത് മുഴുവൻ അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഉണ്ടാകേണ്ടി വരും. സ്വന്തം മണ്ഡലത്തിൽ  വെല്ലുവിളി ശക്തമാകുമ്പോൾ ഇ.എം.എസ് പ്രതിരോധത്തിലാകും. അത് സി.പി.എം പ്രകടനത്തെ ബാധിക്കും. ഇന്ദിരഗാന്ധിയുടെ കണക്കു കൂട്ടലുകൾ ഇതൊക്കെയായിരുന്നു.

എന്നാൽ ഈ  രാഷ്ട്രീയ തന്ത്രത്തെ കുറിച്ച് അധികം ആരോടും മനസു തുറക്കാർ അവർ തയാറായില്ല. ഇ.എം.എസിനെതിരെ കളത്തിലിറക്കാനുള്ള ആ യുവ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കെ കരുണാകരനോടും എ.കെ ആന്‍റണിയോടും അവർ നിർദേശിച്ചു. ആ അന്വേഷണം ചെന്നെത്തിയത് പാലക്കാട്ടെ  എരുമയൂരെന്ന ഗ്രാമത്തിൽ വി.എസ് വിജയരാഘവനെന്ന യുവാവിലായിരുന്നു.

ഒരു ദിവസം ഒരു വെളുത്ത അബാസിഡർ കാർ എരുമയൂരിലെ വിജയരാഘവന്‍റെ വീട്ടു മുറ്റത്ത് ചീറിപ്പാഞ്ഞെത്തി. കേരള രാഷ്ട്ട്രീയത്തിന്‍റെ ഭീഷ്മാചാര്യൻ കെ കരുണാകരനായിരുന്നു അത്.

“ആലത്തൂരിൽ ഇ.എം.എസ് ആണ് സ്ഥാനാർത്ഥിയെങ്കിൽ വിജയരാഘവൻ തന്നെ മത്സരിക്കണം. അല്ലെങ്കിൽ അപ്പോൾ ആലോചിക്കാം…”

കെ കരുണാകരൻ വി.എസ് വിജയരാഘവനോട് ഇങ്ങനെ അറിയിച്ചു. തന്‍റെ സ്ഥിരം തട്ടകമായ പട്ടാമ്പി മണ്ഡലത്തിൽ  നിന്ന്  മാറി   സി.പി.എം കോട്ടയായ  ആലത്തൂരിൽ ജനവിധി തേടാൻ ഒരുങ്ങുന്നുവെന്ന് ശക്തമായ അഭ്യൂഹങ്ങൾ ശരിവെച്ച് ഇ.എം.എസ് ആലത്തൂർ നിയമസഭാ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു. തൊട്ടുപിറകെ വി.എസ് വിജയരാഘവനും. ബഹുഭൂരിപക്ഷവും അതിനെ കണ്ടത് ആ വർഷത്തെ ഏറ്റവും വലിയ തമാശയായിട്ടായിരുന്നു.

ഇ.എം.എസിന്‍റെ ഭൂരിപക്ഷം എത്രയെന്ന് മാത്രമേ ഇനി അറിയാനുള്ളൂവെന്നും ചിലർ പരിഹസിച്ചു. ഇ.എം.എസിനെതിരെ മത്സരിക്കാൻ ഈ വിജയരാഘവനെന്താ ബുദ്ധി സ്ഥിരതയില്ലേ എന്ന സംശയമായിരുന്നു മറ്റു ചിലർക്ക്. പ്രചരണത്തിന്‍റെ തുടക്കത്തിൽ ഇ.എം.എസ് ജില്ലക്കകത്തും പുറത്തുമെല്ലാം സജീവമായി. വിജയരാഘവനാകട്ടെ ആലത്തൂരിലെ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലായിരുന്നു. പ്രചരണം അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ  ആലത്തൂരിന്‍റെ മനസ് ഇ.എം.എസ് വായിച്ചറിഞ്ഞു. മുൻ നിര നേതാക്കളോട് മണ്ഡലം വിട്ടുപോകരുതെന്ന് നിർദ്ദേശം നൽകി.

ആലത്തൂരിന്‍റെ മണ്ണും മനസും ഇളക്കി മറിച്ച പ്രചരണം. വിധിയെഴുത്തും കഴിഞ്ഞ് ഫലമറിയുന്ന ദിവസം… ബൂത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു…പോലീസ് വയർലെസ് സെറ്റിലൂടെ ഒരു സന്ദേമെത്തി.

റായ്ബറേലി മണ്ഡലത്തിൽ ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. കോൺഗ്രസിലെ പല വൻ മരങ്ങളും കടപുഴകി. പ്രധാന ബൂത്തെന്ന നിലക്ക് സxഘർഷ സാധ്യത കണക്കിലെടുത്ത്  പോലീസ് ബൂത്ത് വളഞ്ഞു. ആലത്തൂരിലെ വോട്ടെണ്ണൽ പൂർത്തിയായി. ഇ.എം.എസിന് 31,424 വോട്ടും വി.എസ് വിജയരാഘവന് 29,725 വോട്ടും  ലഭിച്ചു. 1699 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇ.എം.എസ് വിജയിച്ചുവെന്ന പ്രഖ്യാപനം വന്നു. മുദ്രാവാക്യം വിളികളും പടുകൂറ്റൻ രക്തഹാരവുമായി  പോലീസ് വലയം ഭേദിച്ച് നേതാവിനടുത്തേക്ക് ഓടിയെത്തി. ഇ.എം.എസ്  അവരെ തടഞ്ഞു കൊണ്ട് പറഞ്ഞതിങ്ങനെ ഇങ്ങനെയാണ്.

”  ആ മാല വിജയരാഘവനെ അണിയിക്കൂ… എന്‍റെ വിജയം സാങ്കേതികം മാത്രം… യഥാർത്ഥത്തിൽ ഇത് വിജയരാഘവന്‍റെ വിജയമാണ്”

ഇന്ദിരാഗാന്ധി റായ്ബറേലിയിൽ പരാജയപ്പെട്ടുവെങ്കിലും അവരുടെ രാഷ്ട്രീയ തന്ത്രം ആലത്തൂരിൽ വിജയിച്ചു. ഏഴാം ലോക്സഭയിലേക്കുള്ള  തെരഞ്ഞടുപ്പിനെ രാജ്യം നേരിടാനൊരുങ്ങുമ്പോൾ  കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ തിരുവനന്തപുരത്തെ കരുണാകരന്‍റെ വസതിയിൽ യോഗം ചേർന്നു. ആലത്തൂരിൽ മുമ്പ് ഇ.എം.എസിനെ വിറപ്പിച്ച വിജയരാഘവന്‍റെ പേരും  സജീവമായി. ഒരു മുതിർന്ന മാധ്യമ പ്രവർത്തകനോട് കരുണാകാരൻ അഭിപ്രായം ചോദിച്ചു.

“പ്രവചനം നടത്താൻ  ഞാൻ ജ്യോത്സ്യനല്ല… എങ്കിലും അവിടെ വിജയരാഘവനാണ് നല്ല സ്ഥാനാർത്ഥി. തോൽക്കുകയാണെങ്കിൽ പോലും പതിനായിരം വോട്ടുകൾക്ക് താഴെയാകും ” – എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ അഭിപ്രായം.

കരുണാകരൻ പിന്നെ സംശയിച്ചില്ല. പ്രഖ്യാപനം വന്നു. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് വിജയരാഘവൻ. ടി ശിവദാസമേനോനായിരുന്നു വിജയരാഘവന്‍റെ എതിരാളി. മത്സരം കനത്തപ്പോൾ പ്രചരണത്തിന് ഇന്ദിരാഗാന്ധി നേരിട്ടെത്തി. 1980 ലെ ഒരു പ്രഭാതത്തിൽ  ഇന്ദിരാഗാന്ധി ഹെലികോപ്റ്ററിറങ്ങി. കോട്ട മൈതാനിയിൽ തടിച്ചു കൂടിയ ജനാവലിയെ കണ്ട് അവർ ആവേശഭരിതയായി. പ്രസംഗം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോൾ ഇന്ദിരാഗാന്ധി വിജയരാഘവനെ  അടുത്തു വിളിച്ചു പറഞ്ഞു.

“നമുക്കിനി  ഡൽഹിയിൽ വച്ച് കാണാം…”

ആ പ്രവചനം യാഥാർത്ഥ്യമായപ്പോൾ  12,088 വോട്ട് ഭൂരിപക്ഷത്തിൽ  വിജയരാഘവൻ ഡൽഹിയിലേക്ക് വിമാനം കയറിയപ്പോൾ  295 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ  ഇന്ദിരാഗാന്ധി അധികാരത്തിലേക്കും നടന്നു കയറി. 1984ലും വിജയരാഘവൻ വിജയകഥ തുടർന്നു. 1989 ൽ എ വിജയരാഘവനോട് 1,286 വോട്ടുകൾക്ക് വി.എസ് വിജയരാഘവൻ പരാജയപ്പട്ടെങ്കിലും 1991 ൽ വിജയരാഘവനിലൂടെ തന്നെ പാലക്കാട് യു.ഡി.എഫ് തിരിച്ചു പിടിച്ചു. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയ പരാജയങ്ങൾ വിജയരാഘവനറിഞ്ഞു.

വജ്രജൂബിലി നിറവിൽ നിൽക്കുന്ന വിജയരാഘവനിത് ഇരട്ടി മധുരമാണ്. തന്‍റെ ജില്ലയിൽ നിന്ന് പിൻമുറക്കാരായി രണ്ട്  പേരുണ്ട് ഇന്ന് പാർലമെന്‍റിൽ. രണ്ടു പേരുടെ വിജത്തിനും മൂവർണ്ണഛായയുണ്ട്.