റെയ്ഡ്‌ അനുഗ്രഹമായി.. ആസ്തികള്‍ മാത്രമല്ല ബാധ്യതകളും വിജിലന്‍സിന് ബോധ്യപ്പെട്ടു; കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞു : വി.എസ്. ശിവകുമാര്‍

Jaihind News Bureau
Friday, February 21, 2020

തന്‍റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് അനുഗ്രഹമായെന്ന് മുൻ മന്ത്രി വി.എസ് ശിവകുമാര്‍. തന്‍റെ ആസ്തികള്‍ മാത്രമല്ല ബാധ്യതകളും വിജിലന്‍സിന് ബോധ്യപ്പെട്ടു. തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞുവെന്നും വി.എസ്.ശിവകുമാർ. വീട് പരിശോധിച്ചതിൽ നിന്ന് അനധികൃതമായി ഒന്നും കണ്ടെത്താനായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തേജോവധം ചെയ്യാനാണ് കേസ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മോദി രാഷ്ട്രീയ എതിരാളികളോട് ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തില്‍ ചെയ്യുന്നു. റെയ്ഡ് വിഫലമായത് രാഷ്ട്രീയമായി അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയെന്നും വി.എസ് ശിവകുമാർ പ്രതികരിച്ചു.

ബിനാമികളെന്ന് പറയുന്നതിൽ ഒരാൾ തന്‍റെ ഡ്രൈവറാണെന്നും വീട് വച്ചതിൽ കണക്ക് കാണിക്കാനാകാത്തതാണ് കേസിൽ ഡ്രൈവറെ ഉൾപ്പെടുത്താനുള്ള കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. കള്ള കേസ് എടുത്താലും തിരുവനന്തപുരത്തിനായി ഇനിയും ശബ്ദമുയർത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.