വിപുലീകരണം വിനയാക്കി വി.എസ്. ഊരാക്കുടുക്കിൽ എൽ.ഡി.എഫ് നേതൃത്വം

B.S. Shiju
Friday, December 28, 2018

ഇടതുമുന്നണി വിപുലീകരണത്തെ വിമർശിച്ച് സി.പി.എമ്മിന്റെ മുതിർന്ന നേതാവും ഭരണപരിക്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദൻ രംഗത്ത് വന്നതോടെ ഊരാക്കുടുക്കിലായത് സി.പി.എമ്മും മുന്നണി നേതൃത്വവും. വർഗീയകക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന വി.എസിന്റെ വിമർശനം കടുത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കാവും വഴിതുറക്കുക. സ്വന്തം മുന്നണിയില വർഗീയ കക്ഷികളെ ചേർത്തുവെന്ന ആരോപണമാണ് മുതിർന്ന നേതാവായ വി.എസ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് എങ്ങനെ മറുപടി നൽകണമെന്ന കാര്യത്തിലും ഇടതുമുന്നണിയിൽ വ്യക്തതയില്ല. സി.പി.എമ്മിന്റെ നേതൃതലത്തിൽ മുന്നണി വിപുലീകരണം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തിയ ശേഷമായിരുന്നു വിഷയം എൽ.ഡി.എഫിൽ എത്തിയത്.

മുന്നണി േയാഗത്തിലും പ്രത്യേകിച്ച് എതിരഭിപ്രായം ഉയർന്നിരുന്നില്ല. ഇതോടെയാണ് നാല് കക്ഷികൾക്ക് എൽ.ഡി.എഫിൽ പ്രവേശനം കിട്ടിയത്. എന്നാൽ വിപുലീകരണം വേണ്ടത്ര ആലോചനയില്ലാതെയാണെന്നും തികച്ചും വർഗീയമായെന്നുമുള്ള വി.എസിന്റെ വിലയിരുത്തൽ ഇടതുമുന്നണിയെ ഒന്നാകെ ബാധിക്കുകയും ചെയ്യും. ആർ ബാലകൃഷ്ണ പിള്ളയുടെ മുന്നണി പ്രവേശനമടക്കം ദഹിക്കാത്ത വി.എസ് അതിനെതിരെ പരോക്ഷ
വിമർശനം നടത്തിയെന്നതും ്രശദ്ധേയമാണ്. സ്ത്രീവിരുദ്ധതയും സവർണമേധാവിത്വവും ഉള്ളവർ മുന്നണിയിൽ വേണ്ടെന്നും, കുടുംബത്തിൽ പിറന്നവർ ശബരിമലയിൽ പോകില്ലെന്ന നിലപാടുളളവർ മുന്നണിക്കു ബാധ്യതയാകുമെന്നുമുള്ള വിമർശനം ബാലകൃഷ്ണ പിള്ളയ്ക്ക് നേരെയുള്ള ഒളിയമ്പായിരുന്നു.

എന്നാൽ നിലവിൽ വിഷയത്തിൽ പോരിനില്ലെന്ന സന്ദേശം നൽകിയ ബാലകൃഷ്ണ പിള്ള വി.എസിന്റെ നിലപാടിനെ തള്ളുകയും ചെയ്തു. വി.എസിന്റെ പ്രതികരണത്തിനെതിരെ മുന്നണി േനതൃത്വവും മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ വി.എസിനെ വിമർശിക്കാതെ മറുപടി നൽകിയ പിള്ളയിലൂടെ ഇടതുമുന്നണി നേതൃത്വം ബുദ്ധിപൂർവ്വമുള്ള നീക്കമാണ് നടത്തിയിട്ടുള്ളത്. വി.എസിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി വഷളാക്കേണ്ടെന്ന തന്ത്രമാവും സി.പി.എമ്മും മുന്നണി നേതൃത്വവും സ്വീകരിക്കുക. സംസ്ഥാനത്തെ മുന്നണി വിപുലീകരണം കേന്ദ്രക്കമ്മറ്റി പുന:പരിശോധിക്കില്ലെന്ന സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അറിയിച്ചതോടെ വി.എസിന്റെ നിലപാടിന് മറുപടി പറയാൻ സി.പിഎം സംസ്ഥാന നേതൃത്വവും തയ്യാറായേക്കില്ല.