കെ.ടി.ജലീല്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം :വി.എസ്‌. മനോജ്‌ കുമാര്‍

ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ജനങ്ങളോടും മാധ്യമങ്ങളോടും സുതാര്യമായ നിലപാടുകളും സത്യസന്ധതയും പുലര്‍ത്തേണ്ട ഉന്നത വിദ്യാഭ്യാസ മന്ത്രി അസത്യം പറഞ്ഞ്‌ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന്‌ കേരള കോണ്‍ഗ്രസ് (ജേക്കബ്‌) സംസ്ഥാന സെക്രട്ടറി വി.എസ്‌. മനോജ്‌ കുമാര്‍. മന്ത്രി തന്‍റെ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്‌.

സര്‍വ്വകലാശാലകളില്‍ പ്രോ ചാന്‍സലര്‍ എന്ന നിലയിലും സി. ആപ്റ്റില്‍ ചെയര്‍മാന്‍ എന്ന നിലയിലും തന്‍റെ വ്യക്തി താല്പര്യങ്ങള്‍ക്കായി യഥേഷ്ടം ഉപയോഗിക്കുകയായിരുന്നു. സി.ആപ്റ്റിന്‍റെ വാഹനങ്ങള്‍ തന്‍റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ച്‌ അധികാര ദുര്‍വിനിയോഗം നടത്തുക വഴി സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ്‌ പ്രിന്‍റിംഗ്‌ ആന്‍റ്‌ ട്രയിനിംഗ്‌ എന്നറിയപ്പെടുന്ന സ്ഥാപനത്തെ സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ്‌ “പാര്‍സല്‍ ട്രെയിനിംഗ്‌ ” എന്നാക്കി മാറ്റിയെന്നും മനോജ്‌ കുമാര്‍ പറഞ്ഞു.

മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട്‌ കേരള കോണ്‍ഗ്രസ്സ്‌ (ജേക്കബ്‌) നടത്തിയ സ്രെകട്ടറിയേറ്റ്‌ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മനോജ്‌ കുമാര്‍.

ജില്ലാ പ്രസിഡന്‍റ്‌ കരുമം സുന്ദരേശന്‍റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണയില്‍ പാര്‍ട്ടി നേതാക്കളായ എസ്‌.മഹേശ്വര്‍, വട്ടപ്പാറ ഓമന, അറയ്ക്കല്‍ ബേബിച്ചന്‍, രജ്ഞിത്‌ പാച്ചല്ലൂര്‍, ജിജു പാപ്പനംകോട്‌, ജവാദ്‌ സലീം, അയുബ്ഖാന്‍, വിളപ്പില്‍ശാല പ്രേം, പ്രേം നൈസാം, ജലാല്‍ ബാലരാമപുരം, രാജേഷ്‌ ചന്ദ്രന്‍, രതീഷ്‌ വാഴമുട്ടം, ജോയി ബാലരാമപുരം, ഏണിക്കര മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments (0)
Add Comment