സര്‍ക്കാര്‍ തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്; പിഴവുകള്‍ ജനവിശ്വാസം നഷ്ടപ്പെടുത്തും

Jaihind Webdesk
Sunday, June 16, 2019

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഗൗരവമായ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തില്‍ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരിക്കുക എന്നീ കാര്യങ്ങളില്‍ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ചാണ്് വിഎസ് അച്യുതാനന്ദന്റെ കത്ത്.
‘ഇടതുപക്ഷ നിലപാടുകളുടെ നിരാസമാണെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികള്‍ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകള്‍ വ്യക്തമാണ്. അത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടി.