വി.എസിനെ വെട്ടിനിരത്തി; ഭരണ പരിഷ്‌കരണ കമ്മിഷന്‍ വെബ്‌സൈറ്റില്‍ നിന്ന് വിഎസിന്റെ ചിത്രം ഒഴിവാക്കി

Jaihind Webdesk
Friday, May 17, 2019

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസിനെ പാര്‍ട്ടിയില്‍ നിന്ന് ഒതുക്കിയതിന് പിന്നാലെ ഭരണ പരിഷ്‌കരണ കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നും വെട്ടിനിരത്തി. ചെയര്‍മാനായ വി.എസിന്റെ ചിത്രമില്ലാതെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുദിവസങ്ങള്‍ വരെ വിഎസിന്റെ പടമായിരുന്നു വെബ്‌സൈറ്റില്‍ ഒന്നാമത്.

ചെയര്‍മാനു പുറമെ മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായര്‍, നീല ഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് മെമ്പര്‍ സെക്രട്ടറിയുമാണ്. ഈ മൂന്നുപേരുടെയും ഫോട്ടോകള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഭരണ പരിഷ്‌കരണ കമ്മീഷന്‍ എന്നത് സര്‍ക്കാര്‍ ചെലവിലുള്ള ഒരു വെള്ളാനയാണെന്ന ആക്ഷേപം ശക്തമാണ്. അതിന് പുറമേ ഇതുവരെ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെ ശിപാര്‍ശയില്‍ സര്‍ക്കാര്‍ ഒരു നടപടികളും ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരിയില്‍ യോഗം ചേര്‍ന്ന ശേഷം കമ്മിഷന്‍ വീണ്ടും ചേര്‍ന്നിട്ടില്ല.