വോട്ടർ പട്ടികയിലെ ക്രമക്കേട് : പ്രതിപക്ഷ നേതാവിന്‍റെ പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

Jaihind News Bureau
Wednesday, March 17, 2021

 

തിരുവനന്തപുരം : ഒരാൾക്ക് ഒന്നിലധികം തിരിച്ചറിയൽ കാർഡ് നൽകിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 നകം റിപ്പോർട്ട് നൽകണം.

കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.