‘കടകംപള്ളി മന്ത്രിയായിരുന്നപ്പോഴേ കരുവന്നൂരില്‍ പരാതി ലഭിച്ചിരുന്നു’; വിഎന്‍ വാസവന്‍ സഭയില്‍

Jaihind Webdesk
Saturday, October 9, 2021

 

തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി ലഭിച്ചിരുന്നുവെന്ന് മന്ത്രി വിഎൻ വാസവൻ. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കരുവന്നൂർ ഉൾപ്പെടെ 49 സഹകരണ ബാങ്കുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും മന്ത്രി മറുപടി നൽകി.

കോടികളുടെ ക്രമക്കേട് നടത്തിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് പരാതി ലഭിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത്തരം ആക്ഷേപങ്ങളെ കടകംപള്ളി സുരേന്ദ്രൻ പാടേ തള്ളുകയായിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിൽ അൻവർ സാദത്ത്, കെ ബാബു അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാർ ഉന്നയിച്ച ചോദ്യത്തിനാണ് 2019 ഇൽ തന്നെ അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിരുന്നതായി മന്ത്രി വിഎൻ വാസവൻ തന്നെ വ്യക്തമാക്കിയത്.

എന്നാൽ 2019ൽ ലഭിച്ച പരാതിയിന്മേൽ, രണ്ടുവർഷം പിന്നിട്ടപ്പോഴാണ് അന്വേഷണം പൂർത്തിയായി കോടികളുടെ തട്ടിപ്പ് പുറത്തുവന്നത് എന്നതാണ് ശ്രദ്ധേയം. അതേസമയം ഇടതു സർക്കാറിന്‍റെ കാലയളവിൽ ക്രമക്കേടുകൾ കണ്ടെത്തിയ സഹകരണ സംഘങ്ങളുടെ കണക്ക് സംബന്ധിച്ച് പികെ ബഷീർ എംഎൽഎ ഉന്നയിച്ച ചോദ്യത്തിലൂടെ തട്ടിപ്പിന്‍റെ വ്യാപ്തിയാണ് മറനീക്കി പുറത്തുവന്നത്. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ 49 സംഘങ്ങളിൽ സമാനമായ ക്രമക്കേടുകൾ കണ്ടെത്തിയതായി മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ക്രമക്കേട് നടന്ന സംഘങ്ങളുടെ പേര് സഹിതം നിരത്തിയാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.