നിയമവിരുദ്ധമായി ഹാരിസൺ കൈയടക്കി വച്ചിട്ടുള്ള ഭൂമിയിൽ നിന്ന്, നിയമവിരുദ്ധമായി തന്നെ അവർ വിൽപന നടത്തിയ ഭൂമിയുടെ കരം പിരിക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വിഎം സുധീരൻ. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് സർക്കാരിനെതിരെയുള്ള സുധീരന്‍റെ പരാമർശം.
കൃത്രിമ രേഖകളുടെ ബലത്തിൽ ഹാരിസൺ, സർക്കാർ ഭൂമി വിൽപന നടത്തി സർക്കാരിന് വൻ നഷ്ടം വരുത്തിയെന്ന ക്രിമിനൽ കുറ്റങ്ങൾക്കെതിരെ വിജിലൻസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ സുപ്രീം കോടതി വരെ അംഗീകരിച്ചതാണ്.
ഈ കേസുകളുടെ തുടർ നടപടികൾ മുന്നോട്ടു പോയി കൊണ്ടിരിക്കുമ്പോഴാണ് ഈ കേസിലുൾപ്പെട്ട ക്രിമിനൽ കുറ്റവാളികളെ സംരക്ഷിക്കുന്ന രീതിയിൽ സര്‍ക്കാർ നീക്കം നടത്തുന്നത് എന്ന് വി.എം സുധീരൻ കത്തിൽ പറയുന്നു.
ഹാരിസണിന് എതിരായ കേസിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മനപൂർവം തോറ്റുകൊടുത്ത സർക്കാർ ഇപ്പോൾ ഈ നീക്കവുമായി വന്നിട്ടുള്ളത് ഇല്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചുനൽകുന്നതിനാണെന്നും അദ്ദേഹം വിമർശിക്കുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പൂർണ പിന്തുണയോടെയാണ് ഉദ്യോഗസ്ഥർ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്നും സുധീരൻ കത്തിൽ പറയുന്നു. കേരള സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പാതയിലൂടെ തന്നെ പോകുന്നത് പ്രതിഷേധാർഹമാണ്.
ഇനിയെങ്കിലും ഹാരിസൺ ഉൾപ്പെടെയുള്ളവരിൽ നിന്നും, അവർ നിയമവിരുദ്ധമായി ഭൂമി കൈമാറി കൊടുത്തവരിൽ നിന്നും കരംപിരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണം എന്നും, നിയമവിരുദ്ധമായി ഹാരിസൺ ഉൾപ്പടെയുള്ളവർ കയ്യടക്കി വച്ചിട്ടുള്ള സര്‍ക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സര്‍ക്കാർ തയാറാകണമെന്നുമാണ് വി.എം സുധീരൻ കത്തിൽ പരാമർശിച്ചിരിക്കുന്നത്.