ഹൈക്കോടതി വിധി തെറ്റായ ഉത്തരവുകള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ സര്‍ക്കാരിന് നല്‍കിയ താക്കീത്: വി.എം സുധീരന്‍

Jaihind News Bureau
Thursday, April 2, 2020

V.M.-Sudheeran

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം വിതരണം ചെയ്യാനുള്ള സർക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ നടപടി വലിയൊരു സാമൂഹ്യദുരന്തത്തില്‍നിന്നും നാടിനെ രക്ഷിക്കുന്നതാണെന്ന് വി.എം സുധീരന്‍.  തെറ്റായ ഉത്തരവുകള്‍ പുറപ്പെടുവിക്കാതിരിക്കാനുള്ള ശക്തമായ താക്കീതാണ് ഈ വിധിയിലൂടെ ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്.

സമയോജിതമായി അതിഗുരുതരമായ ഈ പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഇടപെടലിന് ഇടവരുത്തിയ ഡോക്ടര്‍ സമൂഹത്തെയും ടി.എന്‍.പ്രതാപന്‍ എം.പി.യെയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

വി.എം സുധീരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മരുന്നിനുപകരം മദ്യം നല്‍കാനുള്ള സര്‍ക്കാരിന്റെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത തലതിരഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത ബഹു.ഹൈക്കോടതിയുടെ നടപടി വലിയൊരു സാമൂഹ്യദുരന്തത്തില്‍നിന്നും നാടിനെ രക്ഷിക്കുന്നതാണ്.
മഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കേരളത്തിന് അപമാനകരമായ ഈ ഉത്തരവിലൂടെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്.
മദ്യ ഉപയോഗം നിര്‍ത്തുക വഴി പിന്മാറ്റ അസ്വാസ്ഥ്യം ഉണ്ടാകുന്നവര്‍ക്ക് വേണ്ടത്ര ചികിത്സാ സൗകര്യം ഇല്ലാത്തതുകൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നതെന്ന സര്‍ക്കാര്‍ വാദം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല; അപഹാസ്യവുമാണ്.
പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകളും മാനസികാരോഗ്യകേന്ദ്രങ്ങളും വരെ സര്‍വ്വ തലത്തിലും ഇതിനെല്ലാമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആരോഗ്യവകുപ്പിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ നിലപാട് വളരെ വിചിത്രമാണ്.
ഇനിയെങ്കിലും ഇത്തരം തെറ്റായ ഉത്തരവുകള്‍ പുറപ്പെടുവിക്കാതിരിക്കാനുള്ള ശക്തമായ താക്കീതാണ് ഈ വിധിയിലൂടെ ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. സമയോജിതമായി അതിഗുരുതരമായ ഈ പ്രശ്‌നത്തില്‍ ബഹു.ഹൈക്കോടതിയുടെ ഇടപെടലിന് ഇടവരുത്തിയ ഡോക്ടര്‍ സമൂഹത്തെയും ടി.എന്‍.പ്രതാപന്‍ എം.പി.യെയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.