സ്പ്രിങ്ക്ളറില്‍ തെറ്റ് തിരുത്താനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം: വി.എം സുധീരന്‍

Jaihind News Bureau
Wednesday, April 22, 2020

VM-Sudheeran-Nov30

 

തിരുവനന്തപുരം:  സ്പ്രിങ്ക്ളര്‍ ഇടപാടിനെക്കുറിച്ച് നാനാതലത്തിലും ഉന്നയിക്കപ്പെട്ട പ്രസക്തമായ ചേദ്യങ്ങള്‍ക്ക് മറുപടിപറയാനുള്ള ജനാധിപത്യ ഭരണാധികാരിയുടെ ബാധ്യത നിറവേറ്റാതെ അതെല്ലാം പാടെ നിരാകരിച്ച  മുഖ്യമന്ത്രി ഹൈക്കോടതിയുടെ മുന്നില്‍ സര്‍വ്വതും വിശദീകരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

സ്പ്രിങ്ക്ളര്‍ വിവാദത്തിന്‍റെ തുടക്കത്തിലെ സത്യസന്ധമായി കാര്യങ്ങള്‍ തുറന്നുപറഞ്ഞ് തെറ്റുതിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിനും സര്‍ക്കാരിനുമുണ്ടായ മാനക്കേട് ഒഴിവാക്കാമായിരുന്നു. അതിനു തയ്യാറാകാതെ മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ ഐ.ടി.സെക്രട്ടറിയുടെ ‘ഉത്തമബോധ്യത്തില്‍’ സ്വീകരിച്ച നടപടികളില്‍ തൃപ്തനായി ജനങ്ങളുടെ മുന്നില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും അപഹാസ്യരാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിന് സമ്പൂര്‍ണ്ണ ഉത്തരവാദി മുഖ്യമന്ത്രിതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്‍ററി  ജനാധിപത്യം വിഭാവനം ചെയ്യുന്ന ക്യാബിനറ്റ് ഭരണസമ്പ്രദായത്തില്‍ മന്ത്രിസഭയുടേയോ മന്ത്രിമാരുടേയോ അംഗീകാരവും അനുവാദവുമില്ലാതെ ഒരു സെക്രട്ടറിക്കും നയപരവും സുപ്രധാനവുമായകാര്യങ്ങളില്‍ തീരുമാനമെടുക്കാനാവില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. ഐ.ടി സെക്രട്ടറിയുടെ നിലപാട് അംഗീകരിക്കപ്പെട്ടാല്‍ പിന്നെ സെക്രട്ടറിമാരുടെ ഭരണമല്ലേ ഉണ്ടാവുക. മന്ത്രിമാരുടെയും മന്ത്രിസഭയുടെയും പ്രാധാന്യവും പ്രസക്തിയും തന്നെയാണ് ഐ.ടി.സെക്രട്ടറി തന്റെ നിലപാടിലൂടെ ചോദ്യം ചെയ്യുന്നത്. ജനാധിപത്യ വിരുദ്ധമായ ഈ നിലപാടിലേയ്ക്ക് സെക്രട്ടറിയെ ഏത്തിച്ചത് മുഖ്യമന്ത്രിതന്നെയാണെന്നത് സ്പഷ്ടമാണ്.

ഇതൊന്നും ആര്‍ക്കും അഗീകരിക്കാനാവില്ല. മന്ത്രിസഭയെ നോക്കുകുത്തിയാക്കിയിട്ടുള്ള സ്പ്രിന്‍ക്ലര്‍ ഇടപാടിനെതിരെ ശക്തമായ വിയോജിപ്പ് മുന്നണി കക്ഷികളില്‍ത്തന്നെ ഉയര്‍ന്നുവന്നിരിക്കുന്നത് സ്വാഭാവികമാണ്. സി.പി.ഐ.അഖിലേന്ത്യാ സെക്രട്ടറിതന്നെ ഈ സുപ്രധാനവിഷയം മുന്നണിയില്‍ ചര്‍ച്ചചെയ്യേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചുകഴിഞ്ഞു.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഒന്നിച്ചുനിന്ന ജനങ്ങളെ ഭിന്നിപ്പിക്കുവാനും ഏവരാലും പ്രശംസിക്കപ്പെട്ട ആ ജനകീയ കൂട്ടായ്മയെ ദുര്‍ബലമാക്കാനും മാത്രം ഇടവരുത്തിയ സ്പ്രിന്‍ക്ലര്‍ ഇടപാടുമായി ഇനിയും മുന്നോട്ടുപോകുന്നത് ബഹു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ടായ മാനക്കേടിന്റെ തോത് വര്‍ദ്ധിപ്പിക്കാനേ ഇടവരുത്തൂ. ഇപ്പോള്‍ രണ്ടംഗ കമ്മിറ്റിയെവച്ച് ഇതെല്ലാം പരിശോധിക്കപ്പെടുമെന്നാണ് സര്‍ക്കാരിന്‍റെ അറിയിപ്പ്. സമാനതകളില്ലാത്ത ഈ വിവാദം നീട്ടിക്കൊണ്ടുപോയി കൂടുതല്‍ വഷളാകുന്ന സ്ഥിതിവിശേഷത്തിലേയ്ക്ക് എത്തിക്കാന്‍ മാത്രമാണ് ഇത്തരം നടപടികള്‍ സഹായകരമാകുന്നത്. ഇത് കേവലം പാഴ്‌വേലയാണ്.

അതുകൊണ്ട് എത്രയും വേഗത്തില്‍ ഈവിവാദത്തിന് വിരാമമിടാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിയുടെഭാഗത്തുനിന്നുതന്നെ ഉണ്ടാകണം. അതിനാദ്യമായി ചെയ്യേണ്ടത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും യോജിക്കാനാവാത്ത നിയമവിരുദ്ധമായ സ്പ്രിങ്ക്ളര്‍ ഇടപാട് മുന്‍കാലപ്രാബല്യത്തോടെ റദ്ദാക്കുകയാണ്. അതോടൊപ്പംതന്നെ ഇത്രയേറെ ‘പുകിലു’ണ്ടാക്കിയ ഈ ദുരൂഹ ഇടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഐ.ടിവകുപ്പ് സ്വയം ഒഴിയുകയും ഐ.ടി. സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യുകയും വേണം.

ഇതെല്ലാമാണ് ഇത്തരുണത്തില്‍ മുഖ്യമന്ത്രിക്ക് കരണീയമായിട്ടുള്ളത്. ഇതിലൂടെ നിലവില്‍ ഉയര്‍ന്നുവന്ന കലുഷമായ അന്തരീക്ഷത്തിന് ശമനമുണ്ടാക്കാനും ജനങ്ങളെ ഒന്നിപ്പിച്ച് കോവിഡിനെതിരെയുള്ള പോരാട്ടം വര്‍ദ്ധിതവീര്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനും മുഖ്യമന്ത്രിക്ക് കഴിയണം- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.