ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയിലേറെയാക്കുന്ന നടപടി തികഞ്ഞ അധികാര ദുർവിനിയോഗവും ജനങ്ങളോടുള്ള നഗ്നമായ വെല്ലുവിളിയുമാണെന്ന് വി.എം.സുധീരന്‍

Jaihind News Bureau
Saturday, October 24, 2020

സംസ്ഥാന സർക്കാരും ഖാദി ബോർഡും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയിലേറെയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് അംഗീകാരം നൽകിയ ധനകാര്യ – വ്യവസായ മന്ത്രിമാരുടെ നടപടി തികഞ്ഞ അധികാര ദുർവിനിയോഗവും ജനങ്ങളോടുള്ള നഗ്നമായ വെല്ലുവിളിയുമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരന്‍. സംസ്ഥാന സർക്കാരും ഖാദി ബോർഡും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് ഈ നടപടി. സ്വന്തം ജീവനക്കാർക്ക് തന്നെ ശമ്പളം നൽകാൻ പ്രയാസപ്പെടുന്ന സർക്കാരിലെ മന്ത്രിമാർ ഇത്തരം തെറ്റായ നടപടികളുടെ നടത്തിപ്പുകാരായി മാറുന്നത് വളരെയേറെ വിചിത്രവും തികഞ്ഞ ജനവഞ്ചനയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏത് അഴിമതിക്കാർക്കും പിണറായി സർക്കാരിൽ മുന്തിയ പരിഗണനയും പൂർണ്ണ സംരക്ഷണവും കിട്ടുമെന്ന ലജ്ജാകരമായ അവസ്ഥയാണ് ഇതിലൂടെയെല്ലാം ആവർത്തിച്ച് പ്രകടമാകുന്നത്. തെല്ലെങ്കിലും നീതി ബോധവും ഔചിത്യ മര്യാദയുമുണ്ടെങ്കിൽ തെറ്റ് തിരുത്താനും സ്വയം പരിഹാസ്യരാകുന്ന ഇത്തരം നടപടികളിൽ നിന്നും പിന്തിരിയാനും മന്ത്രിമാർ തയ്യാറാകണമെന്നും വി.എം. സുധീരന്‍ പറഞ്ഞു.