പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക്;കോടതിയുടെ വിമര്‍ശനം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കനത്ത പ്രഹരം: വി.എം. സുധീരന്‍

Jaihind Webdesk
Monday, September 30, 2019

VM-Sudheeran

പെരിയ ഇരട്ട കൊലപാതക കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടും കുറ്റപത്രം റദ്ദാക്കി കൊണ്ടും ഹൈക്കോടതി പോലീസിന് നേരെ നടത്തിയ രൂക്ഷമായ വിമര്‍ശനം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍.

ഗൗരവപൂര്‍വ്വവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്നും വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്നുമുള്ള കോടതിയുടെ പരാമര്‍ശം അതീവ ഗൗരവതരമാണ്. നീതിപൂര്‍വവും നിഷ്പക്ഷവുമായി അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് നിയമാനുസൃതം അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുന്നതിന് പകരം തികച്ചും പക്ഷപാതപരമായി പ്രവര്‍ത്തിച്ച് ക്രിമിനല്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന സംസ്ഥാന പോലീസ് കേരളത്തിന് തീര്‍ത്താല്‍ തീരാത്ത അപമാനമാണ് വരുത്തിയിട്ടുള്ളതെന്നും വി.എം. സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതാണ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പോലീസ് നടപടികള്‍. ഇതിനെതിരെയുള്ള ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മികമായ അര്‍ഹത പിണറായിക്ക് തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.