തിരുവനന്തപുരം: കുന്നത്തുകാലില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിലെ 15 ഏക്കര്‍ നിലം നികത്തുന്നതിന് റവന്യു വകുപ്പ് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
കത്തിന്റെ പൂര്‍ണ്ണരൂപം:
കത്തിന്റെ പൂര്‍ണ്ണരൂപം:
പ്രിയപ്പെട്ട മുഖ്യമന്ത്രി,
കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജിലെ 15 ഏക്കര്‍ നിലം നികത്തുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജില്ലാ കളക്ടര്‍ നിയമ പ്രകാരം സ്വീകരിച്ച നടപടി തള്ളിക്കളഞ്ഞുകൊണ്ടാണ് സര്‍ക്കാരിന്റെ വിചിത്രമായ ഈ ഉത്തരവ് വന്നിട്ടുള്ളത്.
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2008 ലെ കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന ഈ നടപടിയുടെ പിന്നില്‍ സ്ഥാപിത താല്‍പര്യ സംരക്ഷണം മാത്രമാണുള്ളത്. സമ്പന്ന ശക്തികള്‍ക്ക് ഒരു നിയമവും ബാധകമല്ലെന്ന അസാധാരണ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് സംജാതമായിട്ടുള്ളത്. നിയമവാഴ്ചയോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാനാകൂ.
നിയമം നടപ്പിലാക്കേണ്ട സര്‍ക്കാര്‍ തന്നെ നിയമ ലംഘകരായി മാറി പുറപ്പെടുവിച്ച ഈ നിയമ വിരുദ്ധമായ ഉത്തരവ് എത്രയും പെട്ടെന്ന് റദ്ദാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.
സ്‌നേഹപൂര്‍വ്വം
വി എം സുധീരന്‍