രാഹുല്‍ ഗാന്ധി മത്സരിക്കുകയെന്നത് ജനങ്ങളുടെ ആവശ്യം; സി.പി.എമ്മും ബി.ജെ.പിയുമായി രഹസ്യബന്ധം : വി.എം സുധീരന്‍

ആലപ്പുഴ: ജനങ്ങളുടെ ആഗ്രഹവും ആവശ്യവുമാണ് രാഹുൽ ഗാന്ധി മത്സരിക്കുകയെന്നതെന്ന് വി.എം സുധീരൻ പറഞ്ഞു.
മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സി.പി.എം, കോ-ലീ-ബി എന്ന വ്യാജ പ്രചരണം നടത്തുന്നതെന്നും സുധീരൻ ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പിണറായി വിജയനും മോദിയും തമ്മിൽ ഗൂഢമായ ഒരു ബന്ധമുണ്ട്. ലാവലിൻ കേസ് കേൾക്കാൻ സുപ്രീം കോടതി തയാറാണ്. പക്ഷേ CBl തയാറല്ല. ഇത് സി.പി.എം-ബി.ജെ.പി ബന്ധത്തിന്‍റെ തെളിവാണ്. സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും ലക്ഷ്യം കോൺഗ്രസിനെ തോൽപിക്കുകയാണ്. അഞ്ചര ലക്ഷം ഏക്കർ ഭൂമിയുടെ ഉടമസ്ഥത കുത്തകകൾക്ക് കൊടുക്കാനുള്ള സർക്കാർ നീക്കം ഗൂഢാലോചനയാണ്. ഈ സർക്കാരിന്‍റെ ഏറ്റവും വലിയ അഴിമതിയാണ് ഹാരിസൺ ഭൂമിക്ക് ഉടമസ്ഥത നൽകിയത്. കരം വാങ്ങാനുള്ള തീരുമാനം ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ്. തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങൾക്ക് ഈ സർക്കാർ ഇപ്പോഴും ഒത്താശ നൽകുന്നുണ്ട്.

വെള്ളാപ്പള്ളിയോട് തനിക്കുള്ളത് നിലപാടുകളോടുള്ള വിയോജിപ്പ് മാത്രമെന്നും സുധീരൻ പറഞ്ഞു. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യന്‍റെ വിലാപത്തെക്കുറിച്ച് എന്ത് പറയാനാണ്. ആ പ്രസ്ഥാനം എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അതിന് വിപരീതമായാണ് വെള്ളാപ്പള്ളി പ്രവർത്തിക്കുന്നത്. നാഴികയ്ക്ക് നാല്‍പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. വെള്ളാപ്പള്ളി സി.പി.എം, ബി.ജെ.പി ബന്ധത്തിന്‍റെ കണ്ണിയാണ്. വെള്ളാപ്പള്ളിയെ നികൃഷ്ടമായി വിമർശിച്ച സി.പി.എമ്മിനോട് തനിക്ക് സഹതാപം മാത്രമാണെന്നും സുധീരൻ പറഞ്ഞു. വർഗീയ ഭ്രാന്തനെന്ന് പറഞ്ഞ സി.പി.എമ്മിന് രാഷ്ട്രീയ ജീർണതയാണ്. അവരാണ് ഇപ്പോൾ വെള്ളാപ്പള്ളിയുടെ പിറകെ നടക്കുന്നതെന്നും വി.എം സുധീരൻ പറഞ്ഞു.

cpmv.m sudheeranbjp
Comments (0)
Add Comment