‘പോരാളി ഷാജി’യെ പൂട്ടാന്‍ വിഎം സുധീരന്‍ ; അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിനെതിരെ പരാതി

Jaihind News Bureau
Sunday, March 21, 2021

VM-Sudheeran-Nov30

 

തിരുവനന്തപുരം: തെരഞ്ഞടുപ്പ് അടുത്തപ്പോള്‍ സിപിഎം സൈബർ കൂട്ടായ്മയായ പോരാളി ഷാജി വ്യാജ പ്രചരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ശബരിമല വിഷയം വിനയായെന്ന് മനസിലാക്കിയ സൈബർ സഖാക്കള്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായി കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസ് നേതാവ് വി.എം സുധീരന്‍റെ ചിത്രംവെച്ച് അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിനെതിരേ അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി.

എടതിരിഞ്ഞി വായനശാല ചർച്ചാവേദി, ‘പോരാളി ഷാജി’ എന്നീ ഫെയ്‌സ്ബുക്ക് പേജുകള്‍ക്കെതിരെയാണ് അപകീർത്തികരമായ പ്രസ്താവനയുടെ പേരില്‍ വി.എം സുധീരന്‍ പരാതി നല്‍കിയിരിക്കുന്നത്. തന്‍റെ പ്രസ്താവനകൾ എന്ന തരത്തില്‍ പ്രചരിക്കുന്നവയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത്തരത്തിലൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വ്യാജ സന്ദേശങ്ങള്‍ വാർത്തയായ നൽകിയ ഒരു ഓൺലൈൻ മാധ്യമത്തിനെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. വാസ്തവവിരുദ്ധമായ ഈ പോസ്റ്റുകൾ നീക്കംചെയ്യണമെന്നും ഉത്തരവാദികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും വിഎം സുധീരൻ ആവശ്യമുന്നയിച്ചു. പരാതി അന്വേഷിക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ അറിയിച്ചു.