ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരായ നടപടി അപലപനീയവും പ്രതിഷേധാർഹവും; പി.എസ്.സി തെറ്റ് തിരുത്തണം: വി.എം സുധീരന്‍

Jaihind News Bureau
Thursday, August 27, 2020

തിരുവനന്തപുരം:  പി.എസ്.സിക്കെതിരെ പ്രതികരിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചത് അപലപനീയവും പ്രതിഷേധാർഹവുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ വന്നിട്ടും നിയമനങ്ങൾ കിട്ടാതെ കാത്തിരിക്കുന്നതിന്‍റെ വേദനയിൽ ഉദ്യോഗാർത്ഥികളായ ചിലർ തങ്ങളുടെ മനോവിഷമം മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയാണുണ്ടായത്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴും പിൻവാതിൽ നിയമനം നടത്തുന്നതിന് സംസ്ഥാന സർക്കാരും പി.എസ്.സിയും തമ്മിൽ നടത്തിവരുന്ന ഒത്തുകളിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നിരിക്കുന്നത്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു കൊണ്ടാണ് പി.എസ്.സിയുടെ  വിചിത്ര നടപടിയെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി വഴിയുള്ള നിയമനങ്ങൾക്ക് ഒരിക്കൽ ഒരു ഒഴിവ് റിപ്പോർട്ട് ചെയ്താൽ അത് പിന്നീട് ഒരു കാരണവശാലും റദ്ദാക്കുവാനോ കുറവുവരുത്താനോ മറ്റേതെങ്കിലും വിധത്തിൽ ആ ഒഴിവുകൾ നികത്താനോ പാടില്ലെന്ന 12/08/1971 മുതൽ പ്രാബല്യത്തിലുള്ള ഉത്തരവിന് (ജിഒ എം എസ് 232/71/പി ഡി.) വിരുദ്ധമായിട്ടാണ് പി.എസ്.സിയും സർക്കാരും ചേർന്ന് ഉദ്യോഗാർഥികളുടെ നിയമപ്രകാരമുള്ള അവസരങ്ങളെ ഇല്ലാതാക്കുന്നത്. മാറി മാറി വന്ന പി.എസ്.സി ചെയർമാൻമാരുടെ നേതൃത്വത്തിലുള്ള കേരള പബ്ലിക് സർവീസ് കമ്മീഷൻ വളരെയേറെ നിഷ്കർഷയോടെ നടപ്പാക്കി വന്നിരുന്ന നടപടി ക്രമങ്ങളെ കാറ്റിൽ പറത്തിയാണ് വിശ്വാസ്യത സ്വയം തകർക്കുന്ന തെറ്റായ നടപടികളുമായി ഇപ്പോഴത്തെ ചെയർമാനും കൂട്ടരും മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിനെ തുടർന്ന് അനിവാര്യമായും ഉണ്ടാകേണ്ട സ്പെഷ്യൽ റൂൾസ് യഥാസമയം തയ്യാറാക്കി നിയമനങ്ങൾക്ക് അവസരം ഒരുക്കുന്നതിന് പകരം മനപ്പൂർവമായി അതെല്ലാം ഒഴിവാക്കി പുറം വാതിൽ നിയമനങ്ങൾക്ക് വഴിയൊരുക്കുന്ന സർക്കാരും അതിനെല്ലാം കൂട്ടുനിൽക്കുന്ന പി.എസ്.സിയും ആണ് യഥാർത്ഥ കുറ്റവാളികൾ. സർക്കാരിന്‍റേയും പി.എസ്.സിയുടെയും കൃത്യവിലോപവും വീഴ്ചകളും മറച്ചുവച്ചുകൊണ്ട് ഉദ്യോഗാർത്ഥികളുടെ ഭാവി തകർക്കുന്ന രീതിയിൽ പ്രതികാരബുദ്ധിയോടെ അവർക്ക് വിലക്കേർപ്പെടുത്തിയ പി.എസ്.സിയുടെ ഈ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. പി.എസ്.സി തെറ്റ് തിരുത്തണം. ഉദ്യോഗാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയ ഹീനമായ ഈ നടപടി പിൻവലിക്കണം. അതല്ലെങ്കിൽ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ ചരിത്രത്തിലെ തീരാകളങ്കമായിരിക്കും നടപടിയെന്നും വി.എം സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.