‘മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന പിടിവാശി കടുത്ത ദ്രോഹം’; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം, മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

Jaihind News Bureau
Tuesday, March 31, 2020

VM-Sudheeran-Nov30

തിരുവനന്തപുരം:   മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പ് പ്രകാരം മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഉത്തരവ് ഉടനടി റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മദ്യവില്‍പനയോ മദ്യപാനമോ മൗലീക അവകാശമല്ലെന്നും മദ്യം അപകടകരമാണെന്നുള്ള സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് നിരക്കാത്തതുമാണ് തീരുമാനമെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.

മദ്യ ഉപയോഗത്തില്‍ നിന്നുള്ള പിന്‍മാറ്റ അസ്വാസ്ഥ്യം പരിഹരിക്കുന്നതിന് കൃത്യമായ ചികിത്സാസംവിധാനങ്ങളും ക്രമങ്ങളും രീതികളും സംസ്ഥാന ആരോഗ്യവകുപ്പു തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. അതനുസരിച്ച് രോഗീപരിചരണവും, ചികിത്സയും ഉറപ്പുവരുത്തുന്നതിനു പകരം മദ്യ ഉപയോഗത്തില്‍ നിന്നും പിന്മാറാന്‍ ആഗ്രഹിക്കുന്നവരെപ്പോലും മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്നുള്ള സര്‍ക്കാരിന്‍റെ  പിടിവാശി സമൂഹത്തോടുള്ള കടുത്ത ദ്രോഹമാണ്.
കൊറോണ എന്ന മഹാവിപത്തിനേക്കാള്‍ ആപല്‍ക്കരമാണ് മദ്യം ലഭിക്കാത്തതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളെന്ന സര്‍ക്കാരിന്‍റെ സമീപനം ഉത്തരവാദിത്തബോധമുള്ള ഒരു ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്- അദ്ദേഹം കത്തില്‍ കുറിച്ചു.

വി.എം സുധീരന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമയച്ച കത്തിന്‍റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട മുഖ്യമന്ത്രി,
ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളിനും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിച്ചിട്ടുള്ള ഡോക്ടര്‍മാരുടെ പെരുമാറ്റ ചട്ടത്തിനും, മെഡിക്കല്‍ എത്തിക്സിനും, ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാഷണല്‍ ഡ്രഗ് ഡിപ്പന്റന്‍സ് ട്രീറ്റ്മെന്റ് സെന്ററിന്റെ 29.03.2020 ലെ ‘ലോക്ഡൗണ്‍ ആന്റ് ആല്‍ക്കഹോള്‍ വിത്ഡ്രോവല്‍’ നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി മരുന്നിന് പകരം മദ്യം നല്‍കുന്നതിന് കളമൊരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 30.03.2020 ലെ ഉത്തരവ് ഉടനടി റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മദ്യവില്‍പനയോ മദ്യപാനമോ മൗലീക അവകാശമല്ലെന്നും മദ്യം അപകടകരമാണെന്നുള്ള സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് നിരക്കാത്തതുമാണ് ഈ തീരുമാനം.
മദ്യ ഉപയോഗത്തില്‍ നിന്നുള്ള പിന്‍മാറ്റ അസ്വാസ്ഥ്യം പരിഹരിക്കുന്നതിന് കൃത്യമായ ചികിത്സാസംവിധാനങ്ങളും ക്രമങ്ങളും രീതികളും സംസ്ഥാന ആരോഗ്യവകുപ്പു തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്.
അതനുസരിച്ച് രോഗീപരിചരണവും, ചികിത്സയും ഉറപ്പുവരുത്തുന്നതിനു പകരം മദ്യ ഉപയോഗത്തില്‍നിന്നും പിന്മാറാന്‍ ആഗ്രഹിക്കുന്നവരെപ്പോലും മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്നുള്ള സര്‍ക്കാരിന്റെ പിടിവാശി സമൂഹത്തോടുള്ള കടുത്ത ദ്രോഹമാണ്.
കൊറോണ എന്ന മഹാവിപത്തിനേക്കാള്‍ ആപല്‍ക്കരമാണ് മദ്യം ലഭിക്കാത്തതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളെന്ന സര്‍ക്കാരിന്റെ സമീപനം ഉത്തരവാദിത്തബോധമുള്ള ഒരു ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുടെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അങ്ങേയറ്റം ആത്മാര്‍ത്ഥമായി മുന്നോട്ടു പോകുമ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമുണ്ടാക്കാന്‍ ഇടവരുത്തുന്നതാണ് ഈ ഉത്തരവ്.
ഡോക്ടര്‍മാരുടെ ഒറ്റക്കെട്ടായിട്ടുള്ള അഭിപ്രായങ്ങളെ കാറ്റില്‍പറത്തിയുള്ള ഈ ഉത്തരവ് ഡോക്ടര്‍സമൂഹത്തിന്റെ മനോവീര്യത്തെ കെടുത്തുന്നതുമാണ്.
ഇതെല്ലാം കണക്കിലെടുത്തു കൊണ്ട് സര്‍ക്കാരിന്റെ 30.03.2020 ലെ ഉത്തരവ് റദ്ദാക്കാന്‍ ഒട്ടും വൈകരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന.
സ്നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി

പകര്‍പ്പ് :
ശ്രീമതി. കെ.കെ. ഷൈലജടീച്ചര്‍, ബഹു.ആരോഗ്യവകുപ്പു മന്ത്രി
ശ്രീ. ഇ. ചന്ദ്രശേഖരന്‍, ബഹു.റവന്യൂവകുപ്പു മന്ത്രി
ശ്രീ. ടി.പി. രാമകൃഷ്ണന്‍, ബഹു.എക്‌സൈസ് വകുപ്പുമന്ത്രി
ശ്രീ. എ.കെ.ബാലന്‍, ബഹു. നിയമവകുപ്പ് മന്ത്രി
ശ്രീ. രമേശ് ചെന്നിത്തല ബഹു.പ്രതിപക്ഷനേതാവ്