‘ആത്മ നിര്‍ഭര്‍ ഭാരത്’ മല എലിയെ പ്രസവിച്ചതുപോലെ, പാക്കേജിന്‍റെ പേരില്‍ നേട്ടമുണ്ടാക്കുന്നത് സ്വകാര്യകുത്തകകള്‍: വി.എം സുധീരന്‍

Jaihind News Bureau
Sunday, May 17, 2020

VM-Sudheeran-Nov30

പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപതുലക്ഷം കോടി രൂപയുടെ ‘ആത്മ നിര്‍ഭര്‍ ഭാരത്’ മല എലിയെ പ്രസവിച്ചതുപോലെയായെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍.  വന്‍ പ്രതീക്ഷകളുമായി  ധനകാര്യമന്ത്രിയുടെ തുടര്‍പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരുന്നവര്‍ക്ക് നിരാശയാണ് ഫലത്തിലുണ്ടായതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പാക്കേജിന്‍റെ  പേരില്‍ വന്‍  നേട്ടമുണ്ടാക്കുന്നത് സ്വകാര്യകുത്തകകള്‍ക്കാണെന്നും രാജ്യത്തിന്‍റെ പൊതുസമ്പത്ത് വിറ്റുതുലയ്ക്കുന്നതാണ് ഈ പാക്കേജെന്നും അദ്ദേഹം പറഞ്ഞു.  ഉപഗ്രഹവിക്ഷേപണത്തിനുവരെ സ്വകാര്യപങ്കാളിത്തം ഏര്‍പ്പെടുത്തിയ തെറ്റായ നടപടി ഏവരേയും അത്ഭുതപ്പെടുത്തുന്നു. പ്രതിരോധമേഖലയിലെ വന്‍സ്വകാര്യ പങ്കാളിത്തം രാജ്യരക്ഷയ്ക്കുതന്നെ ഭീഷണിയാണ്. ഇനിയും വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം, കല്‍ക്കരി-ധാധുഖനനം എന്നീ മേഖലകള്‍ സ്വകാര്യകുത്തകള്‍ക്ക് തുറന്നുകൊടുക്കല്‍, വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം തുടങ്ങിയവ രാജ്യതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വി.എം സുധീരന്‍റെ പ്രസ്താവനയുടെ പൂര്‍ണരൂപം

വന്‍ പ്രതീക്ഷകളുമായി ബഹു. ധനകാര്യമന്ത്രിയുടെ തുടര്‍പ്രഖ്യാപനങ്ങള്‍ക്കായി പ്രത്യാശയോടെ കാത്തിരുന്ന സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരി-വ്യവസായി സമൂഹത്തിനും, വിവിധ തലങ്ങളിലുള്ള തൊഴിലാളികള്‍ക്കും, സ്വയം തൊഴില്‍ സംരംഭകര്‍ക്കും, വനിതാസംരംഭകര്‍ക്കും, വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും നിരാശയാണ് ഫലത്തിലുണ്ടായത്.

ആകെ എടുത്തുപറയാവുന്നത് തൊഴിലുറപ്പുപദ്ധതിയുടെ വിഹിതം വര്‍ദ്ധിപ്പിച്ചതും, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ ചില പ്രഖ്യാപനങ്ങളും, സംസ്ഥാനങ്ങളുടെ വായ്പാപരിധി വര്‍ദ്ധിപ്പിക്കുന്നതുമായ തീരുമാനവും മാത്രമാണ്. പക്ഷെ സംസ്ഥാനങ്ങളുടെ വായ്പാപരിധി വര്‍ദ്ധിപ്പിച്ചത് നല്ലകാര്യമാണെങ്കിലും അതിന് കര്‍ക്കശമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് ഫെഡറല്‍ തത്വങ്ങള്‍ക്കുതന്നെ വിരുദ്ധമായ നടപടിയാണ്.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് കൊടും ദാരിദ്രത്തിലും പട്ടിണിയിലും കഴിയുന്ന പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും പണം നേരിട്ട് ലഭ്യമാകുന്ന പുതിയ പദ്ധതികളൊന്നും ഇല്ല. കര്‍ഷകര്‍, ചെറുകിട വ്യാപാരി-വ്യവസായികള്‍ വിവിധ തലങ്ങളിലെ തൊഴിലാളികള്‍, സ്വയംതൊഴില്‍ സംരംഭകര്‍, വനിതാ സംരംഭകര്‍, വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ബാങ്ക് വായ്പകള്‍ക്ക് ചുരുങ്ങിയത് ഒരു കൊല്ലത്തേയ്‌ക്കെങ്കിലും മൊറോട്ടോറിയം പ്രഖ്യാപിക്കുന്നതിനോ ആ കാലത്തെ പിഴപലിശ ഉള്‍പ്പെടെയുള്ള സര്‍വ്വപലിശകളും ഒഴിവാക്കുന്നതിനോ ഇവരുടെയെല്ലാം സംരംഭങ്ങളില്‍ നഷ്ടമുണ്ടായാല്‍ വായ്പാതുക എഴുതിത്തള്ളുന്നതിനോ വായ്പാതിരിച്ചടവ് കാലാവധി വര്‍ദ്ധിപ്പിക്കുന്നതിനോ അതിനുള്ള തവണകളുടെ തുക കുറയ്ക്കുന്നതിനോ യാതൊരു നടപടിയും ഉണ്ടായില്ലയെന്നത് തീര്‍ത്തും നിരാശാജനകമാണ്. വന്‍കിട കുത്തകകളുടെ അറുപത്തെണ്ണായിരം കോടി രൂപയുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിന് കളമൊരുക്കിയ കേന്ദ്രസര്‍ക്കാരാണ് ബാങ്ക് വായ്പയെടുത്ത സാധാരണക്കാരെ ഇത്തരത്തില്‍ ക്രൂരമായി വിസ്മരിച്ചത്.

ബഹു. പ്രധാനമന്ത്രിയുടെ പാക്കേജിന്‍റെ പേരില്‍ വന്‍നേട്ടമുണ്ടാക്കുന്നത് സ്വകാര്യകുത്തകകള്‍ക്കാണ്. യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ പൊതുസമ്പത്ത് വിറ്റുതുലയ്ക്കുന്നതാണ് ഈ പാക്കേജ്. ഉപഗ്രഹവിക്ഷേപണത്തിനുവരെ സ്വകാര്യപങ്കാളിത്തം ഏര്‍പ്പെടുത്തിയ തെറ്റായ നടപടി ഏവരേയും അത്ഭുതപ്പെടുത്തുന്നു. പ്രതിരോധമേഖലയിലെ വന്‍സ്വകാര്യ പങ്കാളിത്തം രാജ്യരക്ഷയ്ക്കുതന്നെ ഭീഷണിയാണ്. ഇനിയും വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം, കല്‍ക്കരി-ധാധുഖനനം എന്നീ മേഖലകള്‍ സ്വകാര്യകുത്തകള്‍ക്ക് തുറന്നുകൊടുക്കല്‍, വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം തുടങ്ങിയവ രാജ്യതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ്. കമ്പനിനിയമങ്ങളിലെ ഉദാരവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളും സമ്പന്നശക്തികളാണ്.

തൊഴില്‍ നിയമങ്ങളിലെ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതും മുതലാളിത്ത താല്‍പര്യ സംരക്ഷണമാണ്. കാലങ്ങളായി തൊഴിലാളിവര്‍ഗ്ഗം നേടിയെടുത്ത നേട്ടങ്ങള്‍ അപ്പാടെ ഇല്ലാതാക്കുന്ന തെറ്റായ നടപടിയാണിതെല്ലാം. തന്ത്രപ്രധാനമേഖലയിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണത്തില്‍കുറവുവരുത്തുന്നതും ആ മേഖലയിലെ സ്വകാര്യവല്‍ക്കരണവും ആപല്‍ക്കരമാണ്. ഏതൊക്കെ മേഖലകളിലാണ് പൊതുമേഖല വേണ്ടതെന്ന വിജ്ഞാപനമിറക്കാനുള്ള തീരുമാനവും ജനതാല്‍പര്യത്തിന് എതിരാണ്.

ഇനിമേല്‍ പൊതുമേഖലയുടെ സാന്നിദ്ധ്യം തന്ത്രപ്രധാന മേഖലകളില്‍ മാത്രമാക്കി ചുരുക്കുവാനും മറ്റു മേഖലകളിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുവാനും സമസ്ത മേഖലകളേയും സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും രാജ്യസുരക്ഷയ്ക്കും കനത്ത ആഘാതമേല്‍പ്പിക്കും.

പ്രതിസന്ധികളെ അവസരമാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ശരിയാണ് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കാനും, രാജ്യത്തിന്റെ പൊതുസമ്പത്ത് വിറ്റുതുലയ്ക്കാനുമുള്ള അവസരമാക്കി പ്രധാനമന്ത്രിയും കൂട്ടരും ഈ പാക്കേജിനെ രൂപപ്പെടുത്തിയിരിക്കുകയാണ്.

ചുരുക്കത്തില്‍ ധനകാര്യമന്ത്രിയുടെ കണക്കുകൊണ്ടുള്ള കസര്‍ത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപതുലക്ഷം കോടിയിലെത്തിച്ചത് മാത്രമാണ് പാക്കേജ് പ്രഖ്യാപനത്തിന്റെ ബാക്കിപത്രം. ഇതുകൊണ്ടൊന്നും ഭാരതത്തിലെ ജനങ്ങളുടെ ദുരിതങ്ങള്‍ക്കോ, ജീവിത പ്രശനങ്ങള്‍ക്കോ പരിഹാരമുണ്ടാകില്ല. അതിന് വേറെ പാക്കേജ് അനിവാര്യമായിരിക്കുന്നു.