ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ മതേതര സര്‍ക്കാര്‍ വരണമെന്ന ഇന്ത്യന്‍ വികാരത്തിന് ശക്തിപകര്‍ന്ന് കൂടെ നില്‍ക്കുകയാണ് പാലക്കാടന്‍ ജനതയും. വി.കെ. ശ്രീകണ്ഠന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതോടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആര്‍ജ്ജിച്ച ആവേശം പതിന്‍മടങ്ങായിരിക്കുകയാണ്. ജില്ലാ കോണ്‍ഗ്രസിനെ ശക്തമായി മുന്നോട്ടു നയിക്കുന്നതിനൊപ്പം പൊതുജനങ്ങളിലും പാര്‍ട്ടിയെക്കുറിച്ച് അഭിമാനമുളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാവാണ് വി.കെ. ശ്രീകണ്ഠന്‍. അദ്ദേഹം നടത്തിയ ‘ജയ് ഹോ’ ജില്ലാ പദയാത്ര ദേശീയ നേതൃത്വത്തിന്റെയുള്‍പ്പെടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ കാലയളവില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധി പേരാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. പദയാത്രയിലൂടെ അണികളെ തെരഞ്ഞെടുപ്പിന് സജ്ജരാക്കാന്‍ ഡി സി സി പ്രസിഡന്റിന് സാധിച്ചിട്ടുണ്ട്.
1993ല്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2012 മുതല്‍ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠന്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീര്‍ഘമായ സംഘടനാ പ്രവര്‍ത്തന പരിചയത്തിന്റെ പിന്‍ബലത്തിലാണ്. സംഘടനാ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊര്‍ണൂരിലെയും ജനകീയ പ്രശ്നങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് വി.കെ. ശ്രീകണ്ഠന്‍. 2000 മുതല്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിയിറ്റിയിലെ കോണ്‍ഗ്രസ് അംഗം. 2005, 2010, 2015 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. നിലവില്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ല്‍ ഒറ്റപ്പാലത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. ചേലക്കര മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള മുന്‍ വനിതാ കമ്മിഷന്‍ അംഗം കൂടിയായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ.